കല്ലറ: വേനൽ കടുത്തതോടെ വനാതിർത്തികളിൽ നിന്നും ഇഴജന്തുക്കൾ ജനവാസ കേന്ദ്രങ്ങളിലെത്താൻ തുടങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കുന്നു. പാലോട്, കുളത്തൂപ്പുഴ ഫോറസ്റ്റ് ഡിവിഷനുകളുടെ അതിർത്തികളിലാണ് ഇഴജന്തുക്കളുടെ ശല്യം വ്യാപകമായിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കൃഷിസ്ഥലങ്ങൾ, വീടിന്റെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാത്രം കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രാജവെമ്പാല അടക്കം ഒരു ഡസനോളം പാമ്പുകളെയാണ് പിടികൂടിയത്. വീടുകൾ, പുറത്തുള്ള കുളിമുറികൾ, കിണറിനോട് ചേർന്ന് ഈർപ്പമുള്ള സ്ഥലങ്ങൾ, കോഴിക്കൂടുകൾ എന്നിവയ്ക്ക് സമീപമാണ് പാമ്പുകളെ കൂടുതലായും കണ്ടെത്തുന്നത്. തലനാരിഴയ്ക്കാണ് പലരും പാമ്പുകളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. വളർത്തുമൃഗങ്ങൾക്കും ഇവ ഭീഷണിയായി മാറിയിരിക്കുകയാണ്. നാട്ടിലേക്ക് ഇറങ്ങുന്ന പാമ്പുകളിൽ ഭൂരിഭാഗവും വനത്തിനുള്ളിൽ നിന്നുള്ളവയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജനവാസ കേന്ദ്രങ്ങളിൽ നിന്നും പിടികൂടുന്ന പാമ്പുകളെ വനപാലകർ ഉൾവനത്തിൽ കൊണ്ടിടുന്നതിന് പകരം വനാതിർത്തികളിൽ ഉപേക്ഷിക്കുന്നതാണ് ഇവ വീണ്ടും നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെ വനപാലകർ എതിർക്കുകയാണ്. പിടികൂടുന്ന പാമ്പുകളെ ഉൾവനത്തിൽ തന്നെയാണ് കൊണ്ടുവിടുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.