wast

ബാലരാമപുരം: ബാലരാമപുരം കൊടിനട ജംഗ്ഷനിൽ ഡ്രെയിനേജ് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് ബാലരാമപുരം ആരോഗ്യകേന്ദ്രം അറിയിച്ചു. കൊടിനടയിൽ സ്വകാര്യ വ്യക്തികൾ ഡ്രെയിനേജ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ വ്യാപക പരാതിയുർന്ന സാഹചര്യത്തിലാണ് ആരോഗ്യകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. രണ്ടാഴ്ച്ച മുമ്പ് ഡ്രെയിനേജ് വെള്ളം ഓടവഴി ഒഴുക്കിവിട്ട സ്വകാര്യവ്യക്തിക്കെതിരെ ബാലരാമപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നോട്ടീസ് നൽകിയിരുന്നു. ഓടയിലേക്കുള്ള പൈപ്പ് ലൈനിന്റെ വാൽവ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിക്കുകയും ചെയ്തു. രാത്രികാലങ്ങളിലാണ് മരാമത്ത് ഓടകളിൽ അനധികൃത പൈപ്പ് ലൈൻ ഇട്ട് ഡ്രെയിനേജ് വെള്ളം ഒഴുക്കിവിടുന്നത്. ഇത്തരക്കാർക്കെതിരെ നേരത്തെ നിരവധി പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. കൊടിയ ദുർഗന്ധം സഹിക്കവയ്യാതായതോടെയാണ് കൊടിനടയിൽ ഓട്ടോതൊഴിലാളികളും കച്ചവടക്കാരും രംഗത്തെത്തിയതോടെയാണ് മാലിന്യപ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായത്. കരമന-കളിയിക്കാവിള ദേശീയപാതവികസനത്തിന്റെ ഭാഗമായി കൊടിനടയിൽ ഓടനവീകരിക്കുന്നതിന്റെ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഒരു മാസം വരെ മാലിന്യപ്രതിസന്ധി തുടരുമെന്നാണ് കരാറുകാർ അറിയിച്ചിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഓടനവീകരണ ജോലികൾ വേഗത്തിൽ പൂർത്തീകരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

 മാലിന്യപ്രശ്നത്തിന് പരിഹാരമില്ല

കൊടിനട ജംഗ്ഷനിലെ ഓടവഴിയുള്ള ഡ്രെയിനേജ് മാലിന്യം റോഡ് മുറിച്ച് കച്ചേരിത്തോപ്പിലെ അഴുക്ക് ചാലിലേക്ക് ഒഴുക്കിവിടാനാണ് അധികൃതർ പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ജോലികളാണ് നടന്നുവരുന്നത്. നിലവിലെ അലൈൻമെന്റിൽ നിന്നും കുറച്ച് മാറിയാണ് ഓടയുടെ പണികൾ നടക്കുന്നത്. നിരവധി പാരലൽ കോളേജ് വിദ്യാർത്ഥികളും കാൽനട യാത്രക്കാരും കൊടിനടയിലെ മലിനജലത്തിൽ ചവിട്ടിയാണ് വടക്കേവിളയിലേക്ക് പോകുന്നത്. ദുർഗന്ധം വെല്ലുവിളിയായി മാറിയതോടെ ബാലരാമപുരം-കാട്ടാക്കട റോഡ് –വണിഗർ തെരുവ് വഴിയാണ് വടക്കേവിള ഭാഗത്തേക്ക് പോകുന്നത്. മൂന്ന് വർഷമായി തു

ടരുന്ന കൊടിനടയിലെ മാലിന്യപ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമാകാത്തത് നാട്ടുകാർക്ക് തലവേദനയായിമാറിയിരിക്കുകയാണ്.

ബാലരാമപുരം –കൊടിനടയിലെ ഓടവഴി ഡ്രെയിനേജ് വെള്ളം ഒഴുക്കിവിട്ടാൽ പിഴ ശിക്ഷ ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കും. മാലിന്യം ഒഴുക്കിവിട്ട ഒരു സ്വകാര്യവ്യക്തിക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്. ഓടയിലേക്ക് വേസ്റ്റ് പൈപ്പ് ലൈൻ കണക്ട് ചെയ്തിട്ടുണ്ടോയെന്നും പരിശോധിച്ച് വരുകയാണ്. നാട്ടുകാരിൽ നിന്നും കച്ചവടക്കാരിൽ നിന്നും കൂടുതൽ പരാതി ലഭിച്ചാൽ ഇത്തരക്കാർക്കെതിരെ ആരോഗ്യവകുപ്പ് നിയമപരമായ നടപടിയിലേക്ക് നീങ്ങും.

ഷാജിലാൽ, ഹെൽത്ത് ഇൻസ്പെക്ടർ , ബാലരാമപുരം സാമൂഹ്യ ആരോഗ്യകേന്ദ്രം