anandavalli

തിരുവനന്തപുരം: മലയാള സിനിമ വ്യാവസായികമായി വളരുകയും കൂടുതൽ കാണികൾ തിയേറ്ററിലെത്തുകയും ചെയ്ത എൺപതുകളിൽ കേരളത്തിലെ തിയേറ്ററുകളിൽ ഏറ്റവുമധികം കേട്ട പെൺ ശബ്ദമായിരുന്നു ആനന്ദവല്ലിയുടേത്. അന്ന് പുതുതായി മലയാള സിനിമയിലേക്ക് കടന്നുവന്ന നായികമാർക്കെല്ലാം ആനന്ദവല്ലിയുടെ ശബ്ദമായിരുന്നു. ഒട്ടേറെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ട അക്കാലത്ത് ശബ്ദ നിയന്ത്രണത്തിലെയും മോഡുലേഷനിലെയും വ്യത്യസ്തത കൊണ്ട് ആനന്ദവല്ലി നായികമാർക്ക് വലിയ പിന്തുണയായി. പൂർണ്ണിമാ ജയറാം, ഗീത, മാധവി, മേനക, ശാന്തികൃഷ്ണ, സുഹാസിനി, ശോഭന, സുമലത, രഞ്ജിനി തുടങ്ങി എൺപതുകളിലെ മുൻനിര നായികമാരെയെല്ലാം മലയാളി കേട്ടത് ആനന്ദവല്ലിയിലൂടെയാണ്.
എൺപതുകളുടെ തുടക്കത്തിൽ ട്രെൻഡ് സെറ്ററായി മാറിയ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണ്ണിമാ ജയറാമിന്റെ പ്രഭ എന്ന നായിക കഥാപാത്രത്തിന്റെ ശബ്ദമാണ് ആനന്ദവല്ലിയെന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിനെ മലയാള സിനിമ തിരിച്ചറിയാൻ ഇടയാക്കിയത്. പടയോട്ടം, കള്ളൻ പവിത്രൻ, തൃഷ്ണ, അഹിംസ, ഈ നാട്, അങ്ങാടി, കാണാമറയത്ത്, പഞ്ചാഗ്നി, തൂവാനത്തുമ്പികൾ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ലാൽസലാം, ഒരു വടക്കൻ വീരഗാഥ തുടങ്ങി എൺപതുകളിലെ ശ്രദ്ധേയമായ മിക്ക സിനിമകളിലെയും പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്കും ആനന്ദവല്ലി ശബ്ദം നൽകി.
ഗീതയ്ക്ക് ഒട്ടുമിക്ക എല്ലാ സിനിമകളിലും ശബ്ദം നൽകിയത് ആനന്ദവല്ലിയാണ്. ആധാരത്തിൽ ഗീതയ്ക്ക് ശബ്ദം നൽകിയതിലൂടെയാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചതും. ശോഭനയുടെ ആദ്യകാല കഥാപാത്രങ്ങൾക്കെല്ലാം ആനന്ദവല്ലിയുടെ ശബ്ദമാണ്. തൂവാനത്തുമ്പികളിൽ സുമലതയുടെ ക്ലാര എന്ന കഥാപാത്രത്തിന്റെ ശബ്ദവും ആനന്ദവല്ലിയുടേതാണ്.
1974ൽ പുറത്തിറങ്ങിയ ദേവി കന്യാകുമാരി എന്ന സിനിമയിൽ രാജശ്രീക്ക് ശബ്ദം നൽകിയാണ് ആനന്ദവല്ലിയുടെ തുടക്കം. തുടക്കകാലത്ത് ചെറിയ കഥാപാത്രങ്ങൾക്കും ഒരു സിനിമയിലെ തന്നെ ഒന്നിലേറെ അപ്രധാന കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയിരുന്നു. തിരക്കായപ്പോഴും ഒരു സിനിമയിലെ ഒന്നിലേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്ന പതിവ് തുടർന്നു. ഭരതത്തിൽ ലക്ഷ്മിക്കും ഉർവശിക്കും വേണ്ടി ഡബ്ബ് ചെയ്തു. സ്ഥലത്തെ പ്രധാന പയ്യൻസിൽ അഞ്ചുപേർക്കു ഡബ്ബ് ചെയ്തു. സാന്ത്വനത്തിൽ നായിക മീനയ്ക്കടക്കം മൂന്നുപേർക്ക്. വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസിയിൽ ഒരേ ഫ്രെയിമിൽ മൂന്നുപേർക്കു വ്യത്യസ്ത ശബ്ദം നൽകി.
നാലു പതിറ്റാണ്ടിൽ മൂവായിരത്തോളം സിനിമകളിലായി പതിനായിരത്തിലേറെ കഥാപാത്രങ്ങൾ ആനന്ദവല്ലിയുടെ ശബ്ദത്തിൽ പ്രേക്ഷകരോടു സംസാരിച്ചു. ചെറിയ കുട്ടിക്കും എൺപതുകാരിക്കും ശബ്ദം നൽകാൻ കഴിയുമായിരുന്ന ആനന്ദവല്ലി ശബ്ദത്തിൽ കാത്തു സൂക്ഷിച്ച വ്യത്യസ്തത കൊണ്ടാണ് എക്കാലവും അഭിനന്ദനം നേടിയത്.