പാറശാല: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ പ്രസിഡന്റ് എ.പി. വിനോദിനെ പൊഴിയൂർ എസ്.ഐയും സംഘവും വീട്ടിൽ കയറി ആളുമാറി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് 6 നാണ് സംഭവം. പൊഴിയൂർ സ്റ്റേഷനിൽ ചുമതലയെടുത്ത എസ്.ഐ വി. ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വീട് വളയുകയും മുൻവശത്തെ കതക് ചവിട്ടിത്തുറന്ന് വിനോദിനെ ഉപദ്രവിക്കുകയുമായിരുന്നു. വീടിനുള്ളിൽ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് മടങ്ങിയത്.

പരിശോധനയ്ക്കായി പ്രത്യേക രേഖകളോ മറ്റോ ഇല്ലാതെ എത്തിയ പൊലീസ് നടപടികൾ എന്തിനുവേണ്ടി ആയിരുന്നെന്ന വിനോദിന്റെ ചോദ്യത്തിന് മറുപടി പറയാനും പൊലീസ് തയ്യാറായില്ല. സംഭവത്തിനെതിരെ വിനോദ് മുഖ്യമന്ത്രിക്കും ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത പൊലിസ് അധികാരികൾക്കും പരാതി സമർപ്പിച്ചു. എന്നാൽ പന്ത്രണ്ട് ദിവസം മുൻപ് ചെങ്കവിളയിൽ നടന്ന ഒരു കുത്തുകേസുമായി ബന്ധപ്പെട്ടാണ് വിനോദിന്റെ വീട്ടിലെത്തിയതാണെന്നാണ് വിശദീകരണം. കേസിലെ പ്രതികളായ സി.പി.എം ചെങ്കവിള ബ്രാഞ്ച് സെക്രട്ടറിയും ഇയാളുടെ പിതാവും സമീപ പ്രദേശത്ത് ഉണ്ടെന്ന് മൊബൈൽ ടൗവർ ലൊക്കേഷനിലൂടെ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനക്കിടയിൽ വിനോദിന്റെ വീടാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും വിനോദിനോട് സംഭവങ്ങൾ വ്യക്തമാക്കിയിരുന്നതായും പൊലീസ് അറിയിച്ചു.