തിരുവനന്തപുരം: ഐരാണിമുട്ടം ജലസംഭരണിയിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടി നഗരത്തിന്റെ ഒരു ഭാഗത്ത് കുടിവെള്ളം മുടങ്ങി. കരമന സി.ഐ.ടി റോഡിലായിരുന്നു പൈപ്പ് പൊട്ടിയത്. ശക്തമായി വെള്ളം പൊട്ടിയൊഴുകിയതോടെ റോഡിലും വെള്ളക്കെട്ടായി. അരുവിക്കരയിൽ നിന്നും ഐരാണിമുട്ടത്തേക്കുള്ള 700 എം.എം ഡക്ടെയിൽ അയേൺ പൈപ്പിലാണ് പൊട്ടലുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. രാവിലെ എട്ടോടെ ഐരാണിമുട്ടത്തെ ജലസംഭരണിയിലെ വെള്ളം തീർന്നു. ഇതോടെ ആറ്റുകാൽ, കുര്യാത്തി, മണക്കാട്, അമ്പലത്തറ, കമലേശ്വരം, പൂന്തുറ, പുത്തൻപള്ളി, ബീമാപ്പള്ളി, വലിയതുറ, പുഞ്ചക്കരി എന്നീ കോർപ്പറേഷൻ വാർഡുകളിലെ കുടിവെള്ള വിതരണം മുടങ്ങി. ശനിയാഴ്ചയും ഈ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങും. വെള്ളിയാഴ്ച രാത്രി വൈകിയും അറ്റകുറ്റപ്പണി നടക്കുകയാണ്. പൈപ്പുകൾക്കടിയിലെ മണ്ണ് ഒലിച്ചുപോയതിനാൽ ഇത് ഉറപ്പിക്കണം. ശനിയാഴ്ച ഉച്ചയോടെ നഗരത്തിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റി ഏക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.