ആലപ്പുഴ: ഒരു ഇടവേളയ്ക്കുശേഷം ആലപ്പുഴ നഗരത്തിൽ വീണ്ടും സെക്സ് റാക്കറ്റ് അഴിഞ്ഞാടുന്നു. അന്യസംസ്ഥാന യുവതികളെ ഉൾപ്പെടെ സംഘം വിതരണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന്റെ (52) കൊലപാതകത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. സെക്സ് റാക്കറ്റിന്റെ സൂത്രധാരയായ ആര്യാട് പഞ്ചായത്ത് നാലാം വാർഡ് കോമളപുരം ചിറയിൽ ഹൗസിൽ സീനത്താണ് (താത്ത- 49) ഹൗസ് ബോട്ടുകളിലേക്കും നഗരത്തിലെ ലോഡ്ജുകളിലേക്കും ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ച് നൽകുന്നത്. മേരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ അറസ്റ്റിലായിരുന്നു.
താത്തയിലൂടെയാണ് നഗരത്തിലെ പ്രധാന റാക്കറ്റ് പ്രവർത്തിക്കുന്നത്. ഇവരോടൊപ്പം എയ്ഡ്സ് രോഗിയായ ഒരു സ്ത്രീയും കണ്ണിയിലുണ്ടത്രേ. താത്തയോട് ആവശ്യപ്പെട്ടാൽ ഏത് തരത്തിലുള്ള സ്ത്രീകളെയും എത്തിച്ചു നൽകും. പ്രായം കുറയുന്നതിനനുസരിച്ച് തുക വർദ്ധിക്കും. ഹൗസ് ബോട്ടുകളിലേക്ക് മുപ്പത് വയസിൽ താഴെയുള്ള സ്ത്രീകളെ എത്തിച്ചിരുന്നത് 25,000 രൂപ വരെ ഈടാക്കിയാണ്. ഇതിൽ ഉന്നത വിദ്യാഭ്യാസമുള്ള ചില വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ചില ലോഡ്ജുകളും ഇവരുടെ സ്ഥിരം കേന്ദ്രങ്ങളാണ്.
പൊലീസിലെ ചില ഉദ്യോഗസ്ഥരുമായും താത്തയ്ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. അതിനാൽ ഈ ഹോട്ടലുകളിൽ പൊലീസ് റെയ്ഡ് നടത്താറില്ല. രാത്രികാല പെട്രോളിംഗിന് എത്തുന്ന പൊലീസ് ആലപ്പുഴ മെഡിക്കൽ കോളേജ് റോഡിന് സമീപം വാഹനം നിറുത്തി താത്തയിൽ നിന്ന് പടി വാങ്ങുന്നത് പരസ്യമായ രഹസ്യമാണ്. മെഡിക്കൽ കോളേജ് ജംഗ്ഷന് വടക്ക് ഭാഗത്തെ വെയിറ്റിംഗ് ഷെഡ്, സമീപത്തെ കടത്തിണ്ണ, തെക്കുഭാഗത്തെ പമ്പ് ഹൗസിന് മുന്നിൽ, പഴയങ്ങാടി, കല്ലുപാലം, ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് വടക്ക് ഭാഗത്തെ ചില തട്ടുകടകൾ എന്നിവിടങ്ങളാണ് രാത്രികാലത്തെ ഇവരുടെ താവളം.
സഹായികളായി അരഡസൻ ആട്ടോറിക്ഷകളുമുണ്ട്. ദിനംപ്രതി പത്തിലധികം സ്ത്രീകൾ ഇവർക്ക് ഒപ്പം ഉണ്ടാകും. 4000 മുതൽ 5000രൂപ വരെയാണ് രാത്രി കാലത്തെ ചാർജ്. ഇതിന് പുറമേ മുറിവാടകയും വാഹന ചാർജും നൽകണം. തുക കുറവുള്ളവർക്കാണ് ഹോം സ്റ്റേകൾ കണ്ടെത്തുന്നത്. അന്യസംസ്ഥാനത്തുനിന്നുള്ള 18 മുതൽ 45 വയസുവരെ പ്രായമുള്ള സ്ത്രീകളെയും എത്തിക്കുന്നുണ്ട്. 2016ൽ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് സെക്സ് റാക്കറ്റിലെ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഉന്നത ഇടപെടൽമൂലം കേസ് ദുർബലമാക്കി പ്രതികൾ രക്ഷപ്പെട്ടു.
നഗരത്തിൽ ഒരുകുടുംബത്തിൽപ്പെട്ടവർ സെക്സ് റാക്കറ്റിനൊപ്പം ബ്രൗൺ ഷുഗറിന്റെ എജൻസിയും നടത്തിവരുന്നു. പൊലീസിന് വിവരം ലഭിച്ചതനുസരിച്ച് റെയ്ഡ് നടത്തിയെങ്കിലും തുടർ അന്വേഷണം മന്ദഗതിയിലാണ്. ഈ കുടുംബത്തെ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ വനിതകൾ ഒളിവിൽ പോയി. ആൺകുട്ടികളെ ഉപയോഗിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തും. തുടർന്ന് ഇവർ പെൺകുട്ടികളുമായി സെക്സ് റാക്കറ്റിന്റെ കേന്ദ്രത്തിലെത്തി വീഡിയോ പകർത്തി കുട്ടികളെ തങ്ങളുടെ വരുതിയിലാക്കിയിരുന്നെന്നും വിവരമുണ്ട്.
'' അനാശാസ്യ പ്രവർത്തനം തടയാൻ പൊലീസ് നഗരത്തിൽ പട്രോളിംഗ് ശക്തമാക്കും. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കും. സംശയമുള്ള കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്.
കെ.എം.ടോമി
ജില്ലാ പൊലീസ് ചീഫ്