ചേർത്തല: കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട വസ്തു തട്ടിപ്പുകേസ് രജിസ്‌ട്രേഷൻ വകുപ്പ് വീണ്ടും അന്വേഷിക്കുന്നു. വ്യാജ മുക്ത്യാർ തയ്യാറാക്കി ബിന്ദുപത്മനാഭന്റെ പേരിലുള്ള ഭൂമി വിറ്റ സംഭവത്തിലാണ് പുനരന്വേഷണം.
മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മന്ത്രി ജി.സുധാകരന്റെ നിർദ്ദേശ പ്രകാരം വസ്തു തട്ടിപ്പുകേസിൽ രജിസ്ട്രേഷൻ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവച്ചില്ലെന്ന റിപ്പോർട്ടാണ് കൈമാറിയത്. ഇതിനെതിരെ ബിന്ദുപത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ വകുപ്പുമന്ത്റിക്ക് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും അന്വേഷിക്കാൻ മന്ത്രി ഉത്തരവിട്ടത്. പരാതിയിലെ വസ്തുതകൾ പരിശോധിച്ച് പരാതിക്കാരനെ നേരിൽ കണ്ട് റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം 10ന് എറണാകുളത്തെ രജിസ്‌ട്രേഷൻ ദക്ഷിണ, മദ്ധ്യ മേഖലാ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫീസിൽ രേഖകളുമായി ഹാജരാകാൻ പ്രവീൺകുമാറിനെ അറിയിച്ചു.
ബിന്ദുപത്മനാഭന്റെ പേരിൽ ഇടപ്പള്ളിയിലെ 11സെന്റ് ഭൂമി ഇവരുടെ വ്യാജ വിൽപത്രം തയ്യാറാക്കി വിൽപ്പന നടത്തിയിരുന്നു. പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ സെബാസ്റ്റ്യൻ, ബിന്ദുവിന് പകരം വ്യാജമുക്ത്യാറിന് ഹാജരായ ചേർത്തല മറ്റവന കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന മിനി (ജയ) എന്നിവരുൾപ്പെടെ 11 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. വ്യാജ വിൽപത്രം തയാറാക്കാൻ രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടായെന്ന വാദമാണ് സഹോദരൻ ഉന്നയിക്കുന്നത്. തിരിച്ചറിയൽ രേഖയായി മിനി നൽകിയത് തമിഴ്നാട്ടിൽ നിന്ന് വ്യാജമായി തരപ്പെടുത്തിയ ഡ്രൈവിംഗ് ലൈസൻസായിരുന്നു.
സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്ന പട്ടണക്കാട് നിന്ന് കിലോമീറ്ററുകൾ മാത്രം അകലത്തിലാണ് കടക്കരപ്പള്ളി ആലുങ്കലെ ബിന്ദുവിന്റെ വീട്. ഇതിനായി തമിഴ്നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചത് എന്തിനെന്ന് പോലും രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിച്ചില്ലെന്ന് പ്രവീൺകുമാർ പറഞ്ഞു. 2017ൽ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയെ തുടർന്നാണ് സഹോദരി ബിന്ദുപത്മനാഭന്റെ തിരോധാനം പുറംലോകം അറിയുന്നത്. ആദ്യം നർകോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും വിവര ശേഖരണമല്ലാതെ മറ്റൊന്നും നടത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. മാത്രമല്ല, ബിന്ദു ജീവിച്ചിരിപ്പുണ്ടോയെന്നുപോലും കണ്ടെത്താനായില്ല. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.