novel-red

കഥ ഇതുവരെ

വടക്കേ കോവിലകത്തെ അവസാന അവകാശി പാഞ്ചാലി പത്താം ക്ളാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങി വിജയിച്ചു. വീട്ടിലെത്തിയ അവൾ മമ്മിയുമായി കിന്നരിക്കുന്ന പ്രജീഷിനെ കാണുന്നു. ജോലിക്കാരി സുധാമണിയിൽ നിന്ന് ചന്ദ്രകല തന്റെ യഥാർത്ഥ മമ്മിയല്ലെന്ന് അവൾക്കു സൂചന കിട്ടുന്നു. പാഞ്ചാലിയുടെ പപ്പ രാമഭദ്രൻ കുറെ വർഷങ്ങൾക്കു മുൻപ് ഒരു ആക്സിഡന്റിൽ മരണപ്പെട്ടതാണ്. സ്ഥലം എം.എൽ.എ ശ്രീനിവാസ കിടാവ് ചന്ദ്രകലയെയും പ്രജീഷിനെയും കാണാൻ എത്തുന്നു. തന്റെ പപ്പയെ കൊന്നത് അയാളാണ് എന്ന് സ്വയം വെളിപ്പെടുത്തുന്നതു കേട്ട് പാഞ്ചാലി ഞെട്ടി.

തുടർന്ന് വായിക്കുക

കൈ കഴുകി മേശയ്ക്കു മുന്നിലെ കസേരയിൽ ഇരിക്കുമ്പോഴും ആരെയും ശ്രദ്ധിച്ചില്ല പാഞ്ചാലി.

അടുക്കള വാതിൽക്കൽ സുധാമണിയുടെ മുഖം ഒരുനിമിഷം അവൾ കണ്ടു.

''മോളെന്താ വല്ലാതിരിക്കുന്നത്?" പ്രജീഷ് തിരക്കി.

''അവൾക്ക് തലവേദനയാ." പറഞ്ഞത് ചന്ദ്രകലയാണ്. ഒപ്പം അവൾ പാഞ്ചാലിയുടെ പാത്രത്തിലേക്ക് ചോറ് വിളമ്പിക്കൊടുത്തു.

പിന്നെ ചന്ദ്രകലയും അവർക്കൊപ്പം ഇരുന്നു.

നാട്ടുകാര്യങ്ങളും തമാശകളുമായി ഭക്ഷണം കഴിക്കുകയാണ് ശ്രീനിവാസ കിടാവും പ്രജീഷും ചന്ദ്രകലയും.

പാഞ്ചാലിക്കു കഴിക്കാനേ തോന്നിയില്ല. അവളുടെ കാതുകളിൽ കിടാവു പറഞ്ഞ കാര്യങ്ങൾ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.

തന്റെ പപ്പയെ...

പാഞ്ചാലി ചോറിൽ വെറുതെ വിരൽ ഓടിച്ചുകൊണ്ടിരുന്നു.

കിടാവിന്റെ നോട്ടം ഇടയ്ക്കിടെ അവളിൽ ഉടക്കി.

സൗന്ദര്യവും ആകാര സൗഷ്ടവവും ആവോളമുള്ള പെണ്ണ്!

കിടാവിന്റെ നോട്ടം ചന്ദ്രകല കണ്ടു. അവൾ ഒന്നു മുരടനക്കി. അതോടെ കിടാവ് നോട്ടം മാറ്റി.

പെട്ടെന്നാണ് പ്രജീഷ് പറഞ്ഞത്:

''കിടാവങ്കിൾ എന്തിനാണ് വന്നതെന്ന് മോൾക്കറിയാമോ?"

പാഞ്ചാലി മുഖമുയർത്തി. ഇല്ലെന്ന ഭാവത്തിൽ തലയാട്ടി.

''നമുക്ക് ഇത്രയും കാറുകൾ എന്തിനാ? അതുകൊണ്ട് മോടെ പപ്പേടെ ആ ബൻസ് അങ്ങ് വിൽക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. കിടാവ് അങ്കിൾ നല്ല വില തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.

''ങ്‌ഹേ?"

പാഞ്ചാലിയുടെ വിരലുകൾക്കിടയിലൂടെ ചോറ് ഊർന്നുവീണു.

പപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കാറുകളായിരുന്നു അംബാസിഡറും ബൻസും.

''അത് വിൽക്കണ്ട." പെട്ടെന്ന് ധൈര്യം വന്നതുപോലെ അവൾ പറഞ്ഞു.

മൂന്നുപേരും അമ്പരന്നു.

പ്രജീഷും ചന്ദ്രകലയും കണ്ണുകൾ കൊണ്ട് സംസാരിച്ചു.

''മോളേ..." ചന്ദ്രകല അനുനയത്തിൽ പറഞ്ഞു. ''വെറുതെ ആ കാർ ഇവിടെക്കിടന്ന് തുരുമ്പെടുത്ത് പോകുന്നതിനേക്കാൾ നല്ലതല്ലേ..."

ചന്ദ്രകലയെ പൂർത്തിയാക്കാൻ സമ്മതിച്ചില്ല പാഞ്ചാലി.

മുന്നിലിരുന്ന പാത്രം തള്ളിമാറ്റി അവൾ ചാടിയെഴുന്നേറ്റു.

''തുരുമ്പെടുത്ത് പോകുന്നെങ്കിൽ പോട്ടെ മമ്മീ. എന്നാലും ആ കാറ് വിൽക്കാൻ ഞാൻ സമ്മതിക്കില്ല. പപ്പയുടെ ഓർമ്മയ്ക്കെങ്കിലും അത് ഇവിടെയുണ്ടാവണം."

മറുപടിക്കു കാക്കാതെ പാഞ്ചാലി വാഷ്‌ബെയ്‌സിനിൽ പോയി കൈ കഴുകി.

ചന്ദ്രകലയുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറി. അവൾ എഴുന്നേൽക്കാൻ ഭാവിച്ചതും പ്രജീഷ് ആ കൈയിൽ കടന്നുപിടിച്ചു. ശേഷം 'അരുത്' എന്ന ഭാവത്തിൽ കണ്ണിറുക്കി.

ടവ്വലിൽ കൈ തുടച്ചുകൊണ്ട് പാഞ്ചാലി തിരിഞ്ഞു.

''അല്ലെങ്കിൽത്തന്നെ ആ കാറ് വിറ്റിട്ട് ഇവിടെ പണത്തിനെന്താ ഇത്ര അത്യാവശ്യം?"

''അത് മോളേ... " വിളറിയ മുഖത്തോടെ പ്രജീഷ് തുടർന്നു. ''എനിക്ക് കുറച്ചു രൂപയുടെ അത്യാവശ്യം ഉണ്ടായിരുന്നു..."

''അതിന്?" പഞ്ചാലിയുടെ പുരികം ചുളിഞ്ഞു. ''എന്റെ പപ്പേടെ കാറ് വിറ്റിട്ട് നിങ്ങളുടെ ആവശ്യം നിറവേറ്റേണ്ട കാര്യമെന്താ? പപ്പേടെ ആരാ നിങ്ങള്? ഈ കോവിലകവുമായി എന്തു ബന്ധമാണ് നിങ്ങൾക്കുള്ളത്?"

മുഖത്തടിക്കുന്നതു പോലെയുള്ള ആ ചോദ്യത്തിനു മുന്നിൽ ശരിക്കും പതറിപ്പോയി പ്രജീഷ്. വിവശനായി അയാൾ കിടാവിനെയും ചന്ദ്രകലയെയും നോക്കി.

അവരും വിളറിയിരിക്കുകയാണ്.

''എടീ..." അവസാനം സർവ്വതും മറന്ന് ചന്ദ്രകല ഗർജ്ജിച്ചു.

''നീ ആരോടാണ് ഇങ്ങനെ സംസാരിച്ചതെന്ന് അറിയാമോ?"

''മാപ്പു ചോദിക്കെടീ, എടീ ചോദിക്കാൻ."

അവൾ ചാടിയെഴുന്നേറ്റ് കൈ ചൂണ്ടി.

''ഇയാൾ ആരായാൽ എനിക്കെന്താ? മമ്മിയുടെ ആരെങ്കിലും ആയിരിക്കാം. പക്ഷേ എനിക്ക് അങ്ങനെയല്ല."

നീറു കണക്കെ നിൽക്കുകയാണ് പാഞ്ചാലി.

പ്രജീഷ് പെട്ടെന്നെഴുന്നേറ്റു.

''തൃപ്തിയായി മോളേ എനിക്ക്." അയാൾ ചന്ദ്രകലയ്ക്കു നേരെ തിരിഞ്ഞു. ''ഞാൻ പോകുകയാ കലേ... ഇനി വരില്ല ഇങ്ങോട്ട്."

''പ്രജീഷ്...."

ചന്ദ്രകല എന്തോ പറയുവാൻ ഭാവിച്ചു. പക്ഷേ പ്രജീഷ് ശ്രദ്ധിച്ചില്ല. വേഗം കൈ കഴുകി അയാൾ ഇറങ്ങിപ്പോയി.

പുറത്ത് കാർ സ്റ്റാർട്ടു ചെയ്യുന്ന ശബ്ദം കേട്ടു.

ശ്രീനിവാസ കിടാവും ഇതിനകം ഭക്ഷണം മതിയാക്കി എഴുന്നേറ്റു. അയാൾ പാഞ്ചാലിക്ക് അരുകിലെത്തി.

''അങ്കിൾ ആ കാർ വാങ്ങുന്നില്ല. മോടെ പപ്പയുടെ ഓർമ്മയ്ക്കായി അത് ഇവിടെത്തന്നെ കിടക്കട്ടെ...."

പാഞ്ചാലി മറുപടി പറഞ്ഞില്ല.

ചന്ദ്രകലയെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞിട്ട് അയാളും പോയി.

ശരീരം മുഴുവൻ മുളക് അരച്ചു തേച്ചതു പോലെ നിൽക്കുകയാണ് ചന്ദ്രകല.

പാഞ്ചാലിയെ കല്ലിൽ വച്ച് ചതയ്ക്കാനുള്ള ദേഷ്യമുണ്ടായിരുന്നു അവൾക്ക്.

പാഞ്ചാലി അവളെ രൂക്ഷമായി ഒന്നു നോക്കിയിട്ട് അവിടെ നിന്നു നിഷ്‌കർഷിച്ചു.

അടുക്കള വാതിലിനു പിന്നിൽ എല്ലാം കേട്ടുകൊണ്ട് സുധാമണി ഉണ്ടായിരുന്നു.

ആ സ്ത്രീയ്ക്കു വല്ലാത്ത ഭീതി തോന്നി.

ആ നിമിഷം ചന്ദ്രകലയും ഒരു ഉറച്ച തീരുമാനത്തിൽ എത്തിയിരുന്നു.

എതിർത്തു സംസാരിച്ചു തുടങ്ങിയ പാഞ്ചാലിയെ ഇനി വച്ചുകൊണ്ടിരുന്നുകൂടാ.

''കൊല്ലണം."

(തുടരും)