kerala-bjp

പത്തനംതിട്ട: തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചോർത്തുന്നതും വോട്ട് കച്ചവടം നടത്തുന്നതും തടയാൻ ബി.ജെ.പിയുടെ ചില പ്രാദേശിക, സംസ്ഥാന നേതാക്കൾ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണത്തിലെന്ന് സൂചന. ബംഗളൂരുവിലെ ഒരു ഐ.ടി സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവരെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.ഇതേക്കുറിച്ച് ദിവസങ്ങളായി നേതാക്കൾക്കിടയിൽ സംസാരമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

ചില നേതാക്കൾ പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രനെയും തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്താൻ ശ്രമിക്കുന്നതായ രഹസ്യ വിവരത്തെ തുടർന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ. സാധാരണ പ്രവർത്തകർക്കുള്ള പരാതി നേരിട്ടുള്ള അഭിപ്രായത്തിലൂടെയും തേടുന്നുണ്ട്.

മലയാളികളായ എട്ടംഗ സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തിലെ ചില നേതാക്കൾ മനഃപൂർവം പ്രചാരണ രംഗത്ത് ആശയക്കുഴപ്പമുണ്ടാക്കുന്നതായും പ്രവർത്തകർക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്. പത്തനംതിട്ട മണ്ഡലത്തിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സംഘത്തിലെ രണ്ടുപേരെ സ്ഥിരമായി നിയോഗിച്ചിരിക്കുകയാണ്. നിലവിലുള്ള സംസ്ഥാന നേതാക്കൾക്ക് പുറമേ ആർ.എസ്.എസ് പ്രചാരകനായ ഒരാളെ കൂടി പ്രവർത്തന മേൽനോട്ടത്തിന് ഏർപ്പെടുത്തുകയും ചെയ്തു.

പിടിക്കപ്പെട്ടാലും ഉടൻ നടപടിയുണ്ടാവില്ലെന്നതിനാൽ ആരെയൊക്കെയാണ് നിരീക്ഷണത്തിലാക്കിയതെന്ന് വ്യക്തമല്ല. അത്തരക്കാരെ ആർ.എസ്.എസിന്റെ കേഡർ സംവിധാനം സമാന്തരമായി നിരീക്ഷിക്കുന്നുണ്ട്.