കൊല്ലം: ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ റീനയ്ക്ക് തന്റെ അമ്മയുടെ മരണത്തിൽ പങ്കുണ്ടെന്ന് സൈനികൻ പ്രദീപ് കുമാറിന്റെ പരാതി. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കൊട്ടാരക്കര പൊലീസിൽ പ്രദീപ് കുമാർ പരാതി നൽകി. കഴിഞ്ഞ ഒക്ടോബറിലാണ് പ്രദീപിന്റെ അമ്മ കോട്ടാത്തല മൂഴിക്കോട് പ്രദീപ് നിവാസിൽ സാവിത്രിഅമ്മ മരിച്ചത്. ആരോഗ്യവതിയായിരുന്ന ഇവരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയസ്തംഭനം വന്നതാണെന്നാണ് ഈ സമയം വീട്ടിലുണ്ടായിരുന്ന റീന ബന്ധുക്കളെ വിശ്വസിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകാനും അനുവദിച്ചില്ല. മരണത്തിൽ അന്ന് മുതൽ സംശയം നിലനിൽക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ വീട്ടുവളപ്പിൽ ദഹിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ റീ പോസ്റ്റുമോർട്ടം നടത്താൻ കഴിയില്ല. എന്നാൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയാൽ ശാസ്ത്രീയ പരിശോധനകളും മറ്റും നടത്തി മരണകാരണം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
2014 ജനുവരി 22നായിരുന്നു പുനലൂർ കരവാളൂർ സ്വദേശിയായ റീനയും പ്രദീപ് കുമാറും തമ്മിലുള്ള വിവാഹം. അനാഥയാണെന്നും എം.ബി.ബി.എസ് പഠിക്കുകയാണെന്നും റീന പ്രദീപിനെ വിശ്വസിപ്പിച്ചാണ് പരിചയപ്പെട്ടത്. ആദ്യം സൗഹൃദമായിരുന്നെങ്കിലും പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി. അനാമിക എന്ന പേരാണ് പ്രദീപിനോട് പറഞ്ഞിരുന്നത്. എം.ബി.ബി.എസ് പഠനത്തിന്റെ ആവശ്യത്തിനായി 10 ലക്ഷം രൂപ പ്രദീപിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. എം.ബി.ബി.എസ് പാസായെന്നും ചെന്നൈയിൽ റെയിൽവേയിൽ ഡോക്ടറായി നിയമനം ലഭിച്ചുവെന്നും പ്രദീപിനെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയും വീടിന് മുന്നിൽ ഡോ.അനാമിക എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. അമ്മയുടെ മരണത്തിന് ശേഷം പ്രദീപിന്റെ ബന്ധുക്കൾക്ക് റീനയിൽ സംശയമുണ്ടായിരുന്നു. മുറിയിൽ നിന്ന് ലഭിച്ച റെയിൽവേ ടിക്കറ്റിൽ റീനയെന്ന പേര് കണ്ടതോടെ സംശയം ബലപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് ബോദ്ധ്യപ്പെടുകയുമായിരുന്നു.
പ്രദീപിന്റെ സഹോദരിയുടെ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. പൊലീസ് അന്വേഷണത്തിൽ റീനയുടെ മെഡിക്കൽ ബിരുദം വ്യാജമാണെന്ന് കണ്ടെത്തി. ഇവർക്ക് എസ്.എസ്.എൽ.സിയും എം.എൽ.ടി കോഴ്സും മാത്രമാണ് യോഗ്യതയെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രദീപ് പരാതിയിൽ ഉറച്ചുനിന്നുകൊണ്ട് റീനയ്ക്ക് എതിരായി മൊഴി നൽകി. ഒപ്പം അമ്മയുടെ ദുരൂഹ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയും നൽകുകയായിരുന്നു. റീന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്.