തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചാവടി മുക്ക് സ്വദേശി സുന്ദറിനെ കല്ലിന് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച കേസിൽ അർച്ചന നഗറിൽ അരുൺ, ഇളംകാവ് സ്വദേശി ജിത്തു, പാളയം സ്വദേശി ശരത് എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 10ഓടെയായിരുന്നു സംഭവം. അരുണിന്റെ വീട്ടിൽ മദ്യപിക്കുന്നതിനിടെ സുന്ദറുമായി മറ്റുള്ളവർ വാക്കുതർക്കമുണ്ടാകുകയും ഇവർ കല്ലുകൊണ്ട് സുന്ദറിനെ തലയ്ക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു. തല പൊട്ടി ചോര വാർന്ന സുന്ദറിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സുന്ദറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പട്ട് ബഹളംവച്ചു. എന്നാൽ വധശ്രമക്കേസ് രജിസ്റ്റർ ചെയ്തതിനാൽ പൊലീസ് പ്രതിയെ വിടാൻ കൂട്ടാക്കിയില്ല.
ഒടുവിൽ നേതാക്കളെത്തി ഡിവൈ.എഫ്.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.