ഹൂ ഇസ് എഫ്രൈഡ് ഒഫ് രാഹുൽഗാന്ധി അഥവാ പ്രിയങ്കാഗാന്ധിയെ ആർക്കാണ് പേടി എന്ന വിഷയത്തിൽ ഗവേഷണപ്രബന്ധം രചിക്കാൻ എഴുപതാംവയസിലും യൗവനം തുളുമ്പുന്ന താമരയായ സി.കെ. പത്മനാഭജിയെയും സുവർണാവസരം ശ്രീധരൻപിള്ളച്ചേട്ടനെയും ഭാ.ജ.പാ ചുമതലപ്പെടുത്തുകയുണ്ടായി.
സി.കെ.പി ആ ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് സുവർണാവസരം പിള്ളച്ചേട്ടൻ ഒരിക്കലും കരുതിയതല്ല. പക്ഷേ പിള്ളച്ചേട്ടനെ അമ്പരപ്പിച്ചുകൊണ്ട് സി.കെ.പി അതേറ്റെടുത്തു. കണ്ണൂരിൽ സ്ഥാനാർത്ഥിയായില്ലായെങ്കിൽ എങ്ങനെയെങ്കിലും വയനാടൻ ചുരം കയറി കഴിഞ്ഞ വ്യാഴാഴ്ച പ്രഭാതത്തിൽ പ്രബന്ധരചനയുടെ സൗകര്യാർത്ഥം പ്രിയങ്കഗാന്ധിയെ സി.കെ.പി പോയി കാണുമായിരുന്നു. പ്രിയങ്കയുടെ ഭാഗ്യം കൊണ്ടോ എന്തോ കണ്ണൂരിൽ അമിത് ഷാജിയണ്ണൻ സി.കെ.പിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകളഞ്ഞു.
പ്രിയങ്കഗാന്ധിക്ക് നാല്പത്തിയേഴ് വയസായതിലെന്താണ് കുഴപ്പമെന്ന് സി.കെ.പി ചോദിക്കുന്നു. നാല്പത്തിയേഴ് വയസിലാണ് ആ സൗന്ദര്യമത്രയും ഒളിഞ്ഞുകിടക്കുന്നത് എന്നാണ് സി.കെ.പിയുടെ കണ്ടെത്തൽ. എഴുപതിലെ യൗവനമായത് കൊണ്ടാണത്രെ സി.കെ.പിക്ക് അത് എളുപ്പത്തിൽ പിടികിട്ടിയത്. അതുകൊണ്ട് പ്രിയങ്കഗാന്ധി വന്നാൽ ഒന്നുപോയി കാണുന്നതിൽ സി.കെ.പിക്ക് ബുദ്ധിമുട്ടേതുമില്ലെന്നാണ് പറയുന്നത്.
സി.കെ.പിയുടെ പ്രബന്ധരചനയുടെ വഴി ഇതാകുമെന്ന് സുവർണാവസരം പിള്ളച്ചേട്ടൻ സ്വപ്നേപി കരുതിയിരുന്നില്ല. കാരണം പിള്ളച്ചേട്ടൻ നേരേ വാ, നേരേ പോ കൂട്ടത്തിലാണ്. എവിടെ സുവർണാവസരമുണ്ടോ അവിടെയാണ് പിള്ളച്ചേട്ടന്റെ നോട്ടം. അല്ലാതെ സൗന്ദര്യത്തിലല്ല. അതുകൊണ്ടാണ് നാല്പത്തിയേഴാമത്തെ വയസിൽ നിൽക്കുന്ന പ്രിയങ്കാഗാന്ധിയെ നാട്ടുകാർ യുവതി എന്ന് വിളിക്കുന്നതിൽ പിള്ളച്ചേട്ടന് വല്ലാത്ത നീരസം തോന്നിയത്. നാല്പത്തിയേഴാമത്തെ വയസിലുള്ള പ്രിയങ്കഗാന്ധിയെ യുവതി എന്ന് വിളിക്കുന്ന കോൺഗ്രസുകാർ ചെന്നിത്തലഗാന്ധിയും കൂട്ടരും മാത്രമായിരിക്കുമെന്ന് പിള്ളച്ചേട്ടന് ഉറച്ച ബോദ്ധ്യമുണ്ട്.
പിള്ളച്ചേട്ടന്റെ കണക്കിൽ ശബരിമലയിൽ കേറാനൊരുമ്പെടുന്ന പത്തിനും അമ്പതിനുമിടയ്ക്ക് പ്രായം വരുന്ന പെണ്ണുങ്ങളേ യുവതീഗണത്തിൽ വരൂ. അക്കൂട്ടത്തിൽ നാല്പത്തിയേഴുള്ള പെണ്ണുങ്ങളും പെട്ടുവെന്ന് വരും. അവർ യുവതികളാവുന്നത് ശബരിമലയിൽ കേറാനൊരുമ്പെട്ടു എന്ന ഒറ്റക്കാരണത്താലാണ്. പ്രിയങ്കഗാന്ധിക്ക് അമ്മാതിരി സൂക്കേടുള്ളതായി പിള്ളച്ചേട്ടൻ കരുതുന്നില്ല. അതുകൊണ്ടാണ് നാല്പത്തിയേഴ് വയസിലെ പ്രിയങ്കാഗാന്ധിയെ യുവതിയായി കാണാൻ ആ കണ്ണുകൾക്ക് സാധിക്കാത്തത്. സി.കെ.പിയുടെ മനസിനെ മഥിക്കുന്നത് അത്തരം ചിന്താസരണികളല്ല. അത് എഴുപതിലും വാടാത്ത യൗവനം തുളുമ്പി നിൽക്കുന്നത് കൊണ്ടാണ്.
ന.മോ.ജിക്കും അമിത് ഷാജിക്കും കാര്യങ്ങൾ മുൻകൂട്ടി കാണാൻ കെല്പുള്ളത് കൊണ്ടാണ്, പ്രിയങ്കാ ഗാന്ധിയെ കാണാൻ വയനാട്ടിലേക്ക് ചാടിപ്പോകാനിരുന്ന സി.കെ.പിയെ കണ്ണൂരിൽ താമരസ്ഥാനാർത്ഥിയാക്കി പിടിച്ചുകെട്ടിയത് എന്ന് ഇനിയെങ്കിലും തലയ്ക്കകത്ത് ആൾതാമസമുള്ളവർ മനസിലാക്കുക. വെറുതെയല്ല അവർ ചൗകിദാർ ന.മോ.ജിയും ചൗകിദാർ അമിത് ഷാജിയുമായത്. കള്ള ചൗകിദാർ സി.കെ.പിയെയും തിരിച്ചറിയാൻ കെല്പുണ്ടെങ്കിലേ യഥാർത്ഥ ചൗകിദാർ ആകാനൊക്കൂ.
സി.പി.എം സഹോദരീ സഹോദരന്മാർ എന്തൊക്കെ പറഞ്ഞാലും കമാന്നൊരക്ഷരം മിണ്ടില്ലെന്നാണ് രാഹുൽമോന്റെ സുചിന്തിതമായ നിലപാട്. രാഹുൽഗാന്ധിമോൻ വയനാടൻ ചുരം കയറാനായി ടോർച്ചെടുക്കുമ്പോൾ തന്നെ കള്ളഹിമാറിന്റെ വരവിന്റെ ഉദ്ദേശ്യം മഹാസാധു പിണറായി സഖാവ് മനസിലാക്കിയതാണ്. എന്നുവച്ച് രാഹുൽമോനെ സഖാവിന് പേടിയുണ്ടെന്നല്ല. ഊരിപ്പിടിച്ച വാളുകൾ കണ്ടിട്ട് പേടിക്കാത്ത സഖാവിനെയാണോ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നത് ! നല്ല കഥ.
രാഹുൽമോന് വയനാടൻ ചുരം കേറാനുള്ള ആരോഗ്യമുണ്ടോ എന്നതിലെ ആശങ്കയാണ് മഹാസാധു പി. സഖാവിന്റെ ഉള്ളത്തെ നീറ്റിക്കൊണ്ടിരുന്നത്. വയസ് നാല്പത്തിയെട്ടായെങ്കിലും ഇളംമനസാണെന്ന് പി. സഖാവിനറിയാം. അതുകൊണ്ടാണ് ആ വരവിന് പിന്നിലെ സന്ദേശം വല്ലതും പിടിയുണ്ടോ എന്ന് സഖാവ് ചോദിച്ചുപോയത്. അറയ്ക്കൽപറമ്പിൽ കുര്യൻ മകൻ അന്തോണിഗാന്ധിക്ക് വരുംവരായ്കകളെപ്പറ്റി അറിയേണ്ട. അന്തോണിഗാന്ധിയുടെ ഉപദേശമാണ് രാഹുൽമോനെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചത് എന്നോർത്തപ്പോഴാണ് സഖാവിന്റെ നെഞ്ചിൽ ആധി കനക്കുന്നത്. അതുകൊണ്ട് രാഹുൽമോനെ ഒന്ന് ഉപദേശിച്ച് നോക്കിയതാണ്.
നല്ല നല്ല ഉപദേശങ്ങൾ കേട്ടിട്ടാണോ എന്നറിയില്ല, കമ്മ്യൂണിസ്റ്റ് സഹോദരങ്ങളോട് മറുത്തൊന്നും പറയില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ് രാഹുൽമോൻ. അതുകൊണ്ട് ഉപദേശങ്ങൾ നിറുത്തുമെന്ന് അന്തോണിഗാന്ധിയോ രാഹുൽഗാന്ധിയോ കരുതേണ്ടതില്ല. പി. സഖാവിന് ഉപദേശങ്ങൾ നൽകി മാത്രമാണ് ശീലം. ഉപദേശം കേട്ടിട്ടും മനസിലായില്ലെങ്കിൽ കണ്ടിട്ടറിഞ്ഞോളും. പറഞ്ഞേക്കാം.
നവോത്ഥാനം ഉണ്ടാക്കിയെടുക്കാനായി വിജയരാഘവസഖാവ് ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചെന്നു വരും. നവോത്ഥാനത്തിന്റെ മാരകമായ വേർഷൻ ഉണ്ടാക്കിയെടുത്തത് ഇങ്ങനെയുള്ള അത്യദ്ധ്വാനത്തിലൂടെയാണ് എന്ന് ആലത്തൂരിലെ കൈപ്പത്തി സ്ഥാനാർത്ഥിക്ക് അറിയാത്തത് കൊണ്ടാണ് വെറുതെ സഖാവിനെ സംശയിച്ചുകളഞ്ഞത്.
കുഞ്ഞാലിക്കുട്ടി സായ്വിന്റെ അടുത്തേക്ക് സ്ഥാനാർത്ഥി പോയത് നവോത്ഥാനമൂല്യ സംരക്ഷണത്തിനല്ല എന്ന് സഖാവിന് ഉത്തമബോദ്ധ്യമുണ്ട്. അത് നവോത്ഥാനം അസ്ഥിയിലടക്കം ഒട്ടിപ്പിടിച്ചിരിക്കുന്നത് കൊണ്ടുള്ള ബോദ്ധ്യമാണ്. അതിനെ ആർക്കും കുറ്റം പറയാനാവില്ല. സ്ത്രീവിരുദ്ധം എന്നൊക്കെ സുനിൽ ഇളയിടം മാഷ്ക്ക് തോന്നുമായിരിക്കും. മാഷിന് നവോത്ഥാനത്തെ അത്രയ്ക്കങ്ങോട്ട് ബോധിക്കാത്തത് കൊണ്ടുള്ള തോന്നലാണത്.
വിജയരാഘവൻ സഖാവ് അതുകൊണ്ടാണ് അപ്പറഞ്ഞതൊന്നും തിരുത്താൻ മുതിരാത്തത്. വിജയരാഘവൻ സഖാവിന്റെ നാക്കിൽ ഗുളികന്റെ കൂടോത്രമുണ്ടോ എന്ന പരിശോധന നടത്താൻ ചിലർ മുതിരുന്നുണ്ട്. സഖാവ് അപ്പറഞ്ഞതൊന്നും തിരുത്തിപ്പറയാത്തതാണ് സംശയം ബലപ്പെടുത്തുന്നത്. പക്ഷേ സംശയം അസ്ഥാനത്താണ്. സഖാവ് തിരുത്തും. അതിന് സമയവും കാലവുമെടുക്കും. ഏറ്റവുമധികം തെറ്റ് തിരുത്തൽ നടത്തിയത് ആരാണെന്നാണ് വിചാരം. കമ്മ്യൂണിസ്റ്റുകാർ മാത്രമാണത്. 'മോരു തരുമോ ' എന്ന് ചോദിച്ച് വലത്തോട്ട് നടക്കും. പത്ത് കൊല്ലം കഴിഞ്ഞ് അത് തിരിച്ച് പറഞ്ഞ് വീണ്ടും ഇടത്തോട്ട് നടക്കും. മോരു തരുമോ എന്ന്. അമ്മാതിരി തിരുത്തൽപ്രക്രിയയ്ക്ക് വിജയരാഘവൻസഖാവും ഒരുക്കമാണ്. തിരഞ്ഞെടുപ്പൊന്ന് കഴിയട്ടെ.
ഇ -മെയിൽ : dronar.keralakaumudi@gmail.com