"ലക്ഷണം മാത്രം കുറഞ്ഞാൽ മതിയോ? അസുഖവും കുറയണ്ടേ ?" എന്ന് ചോദിക്കുന്ന ഡോക്ടർക്ക് പലപ്പോഴും രോഗി കൊടുക്കുന്ന മറുപടി "അസുഖം മാറണം, എന്നാൽ ഇപ്പോൾ ഈ വേദന ഒന്നു മാറ്റി തന്നാൽ മതി" എന്നായിരിക്കും.രോഗം എന്തുതന്നെയായാലും താൽക്കാലികമായി ലക്ഷണങ്ങൾ കുറയ്ക്കുവാൻ ചില ഇടപെടലുകൾ വേണ്ടി വരും. എന്നാൽ എന്തെങ്കിലും ഉപായങ്ങൾ വഴി ലക്ഷണങ്ങൾ കുറയുന്നതിലൂടെ രോഗത്തിന്റെ ശരിയായ ചികിത്സ ചെയ്യാതിരിക്കുന്നവരും, താൽക്കാലികമായി ലക്ഷണം കുറയുവാൻ ചെയ്ത ഉപാധികൾ തന്നെ സ്ഥിരമാക്കുന്നവരും ധാരാളമുണ്ട്. ഇവരിലാണ് അശാസ്ത്രീയ ചികിത്സകളും, ഒറ്റമൂലികളും കൂടുതൽ വില്ലനാകുന്നത്.
ഇവർ രോഗം കൂടുതൽ വഷളാകുമ്പോൾ മാത്രമേ യഥാർത്ഥ ചികിത്സകന്റെ അരികിലെത്തൂ. അപ്പോഴേക്കും ചികിത്സ ദുഷ്കരമായ അവസ്ഥയിലായിരിക്കും .ശരിയായ രോഗനിർണയം ചെയ്തശേഷം മാത്രമേ ചികിത്സയ്ക്ക് ശ്രമിക്കേണ്ടതുള്ളൂ.പല ചികിത്സാ വിഭാഗങ്ങളിലായി നിരവധി സൗജന്യ സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. അതിനാൽ ചികിത്സ തേടുന്നത് സർക്കാർ/ സ്വകാര്യ മേഖല ഏതുമാകട്ടെ അർഹതയുള്ളവരിൽ നിന്നുമാണെന്ന് ഉറപ്പാക്കുക .
ഡോ.ഷർമദ്