ന്യൂഡൽഹി: ബി.ജെ.ഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്, ഏത് എതിരാളിയേയും തനിക്ക് നേരിടാൻ കെല്പുണ്ടെന്ന് തന്റെ 'ഫിറ്റ്നസ് ചലഞ്ചിലൂടെ' തെളിയിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഫിറ്റ്നസും വ്യായാമവുമൊക്കെ സെലിബ്രിറ്റീസിന് മാത്രമല്ല രാഷ്ട്രീയക്കാർക്കുമാകാമെന്ന് തെളിയിച്ചിരിക്കുകയാണ് പട്നായിക്. താൻ പൂർണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണ് ഫിറ്റ്നസ് വീഡിയോ.
പട്നായിക്കിന്റെ ഓഫീസ് പുറത്തുവിട്ട വീഡിയോയിലാണ് 72കാരനായ അദ്ദേഹം വളരെ 'കൂളാ'യിട്ട് വ്യായാമം ചെയ്യുന്ന ദൃശ്യങ്ങൾ ഉള്ളത്. മുൻ പ്രധാനമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എച്ച്.ഡി. ദേവഗൗഡയ്ക്കു പിന്നാലെ പ്രായത്തെ കടത്തി വെട്ടുന്ന ഫിറ്റ്നസ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് പട്നായിക്. വ്യായാമം ചെയ്യാൻ സൈക്കിൾ, ഡംബൽ തുടങ്ങിയവ ഉപയോഗിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിലും തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ പട്നായിക് ശ്രദ്ധിക്കുന്നുമുണ്ട്. സൈക്കിളിംഗിനിടെ തന്റെ മുന്നിലുള്ള ടിവിയിൽ തിരഞ്ഞെടുപ്പ് വാർത്തകൾ വീക്ഷിക്കുന്ന പട്നായിക് വീഡിയോയുടെ അവസാനം ചിരിച്ചു കൊണ്ട് ഒഡീഷയിലെ ജനങ്ങൾക്കു വേണ്ടി പോരാടാൻ തയാറാകുവെന്നും പറയുന്നുണ്ട്.
തന്നെ നേരിടാൻ എതിരാളികൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് പട്നായിക്കിന്റെ ഫിറ്റ്നസ് വീഡിയോ.
2000 മുതൽ ഒഡീഷയുടെ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന പട്നായിക് രണ്ട് ദശാബ്ദമായി ഒഡീഷ രാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത നേതാവാണ്. പട്നായിക് 1997ൽ സ്ഥാപിച്ച ബിജു ജനതാദൾ (ബി.ജെ.ഡി) ഒഡീഷയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ്. 2000 മുതൽ ബി.ജെ.പിയുമായി സഖ്യമുണ്ടായിരുന്നെങ്കിലും 2009 തിരഞ്ഞെടുപ്പിനു മുമ്പ് പട്നായിക്കിന്റെ ബി.ജെ.ഡി ബി.ജെ.പി സഖ്യം ഉപേക്ഷിച്ചു. ഈ തിരഞ്ഞെടുപ്പിലും ബി.ജെ.ഡി നേട്ടമുണ്ടാക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം.