കോവളം: ടൂറിസം സീസൺ അവസാനിക്കാൻ ഒരു മാസം കൂടി ബാക്കി നിൽക്കെ നിരാശ മാത്രം സമ്മാനിച്ച് കോവളം ബീച്ചിൽ വിദേശ വിനോദ സഞ്ചാരികളുടെ ആരവം ഒഴിഞ്ഞു. ഏറെ പരാധീനതകൾക്ക് നടുവിലും മോശമല്ലാത്ത സീസൺ എന്ന പ്രതീക്ഷകൾക്ക് പ്രഹരമേല്പിച്ചാണ് ഒരു ടൂറിസം സീസൺ കൂടി വിടവാങ്ങുന്നത്. നവംബർ പകുതിയോടെ ആരംഭിച്ച് മേയ് പകുതിയിലാണ് സീസണിന് വിരാമമാകുന്നത്. പ്രളയത്തിന്റെ ആഘാതത്തോടെയാണ് ഇത്തവണത്തെ സീസൺ ആരംഭിച്ചത്.
ശക്തമായ ചൂട് കാരണം പലരും അവധിയാഘോഷം വെട്ടിക്കുറച്ച് പെട്ടെന്നു മടങ്ങി. കൂടാതെ നേരത്തെയുണ്ടായിരുന്ന ബുക്കിംഗുകളും വൻതോതിൽ റദ്ദായി. നിപ്പ, വൈറസ്ബാധയും ശബരിമല വിവാദവും കോവളം ടൂറിസത്തിന് മറ്റൊരു വെല്ലുവിളിയായിരുന്നു. ക്രിസ്മസ്, ന്യൂഇയർ ആഘോഷകാലത്ത് മുൻവർഷങ്ങളെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. പൊതുവേ സഞ്ചാരികൾ കൂട്ടത്തോടെയെത്തിയിരുന്ന ആഘോഷങ്ങൾക്ക് ഇത്തവണ പകിട്ട് കുറവായിരുന്നു.
വിദേശ വിനോദ സഞ്ചാരികളുടെ കുറവുകാരണം പുതുവർഷരാവിൽ പല റസ്റ്റോറന്റുകളും പൂട്ടിയിട്ടിരുന്ന കാഴ്ചകൾക്കും കോവളം സാക്ഷിയായി. തിരിച്ചടിയിൽ നിന്നു കരകയറുന്ന കോവളത്ത് സീസൺ അവസാനിക്കുമ്പോഴും മുൻവർഷത്തെ അപേഷിച്ച് 60 ശതമാനം ടൂറിസ്റ്റുകൾ എത്തുമെന്നാണ് വിലയിരുത്തുന്നത്.
പരാതികൾ പലത്
തുടർച്ചയായ ഹർത്താലുകളും പ്രക്ഷോഭങ്ങളും കോവളം ടൂറിസം മേഖലയ്ക്ക് വില്ലനായി. കോവളം സുരക്ഷിതമായ ഇടമല്ലെന്ന് പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിസാനുകൂല്യം, കുറഞ്ഞ ചെലവ് എന്നീ ആകർഷണങ്ങൾക്ക് ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത മത്സരവുമായി നിൽക്കുന്നതും കോവളത്തിന് വെല്ലുവിളിയായി. വിദേശികളെ ആകർഷിക്കത്തക്ക പദ്ധതികളും പാക്കേജുകളും ഇല്ലാതായതാണ് കോവളത്തിന് മറ്റൊരു തിരിച്ചടി. ഇതോടെ ചാർട്ടേഡ് വിമാനങ്ങളിലെത്തിയിരുന്ന സഞ്ചാരികളെ ശ്രീലങ്ക, മലേഷ്യ, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ മികച്ച പാക്കേജുകൾ നൽകി വല വീശിപ്പിടിച്ചു. ടോയ്ലെറ്റുകൾ, നടപ്പാതയുടെ അറ്റകുറ്റപ്പണികൾ, നടപ്പാതയിലെ പൊട്ടിപ്പൊളിഞ്ഞ കൈവരിക്ക് പകരമുള്ള സംവിധാനം, ടൂറിസം വകുപ്പിന്റെ ആലോഷ പരിപാടികൾ തുടങ്ങി തെരുവ് വിളക്കുകൾ കത്തിക്കുന്ന കാര്യത്തിൽ വരെ ടൂറിസം അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. വിദേശ വനിതകളെ വശീകരിച്ച് പണം കവർന്ന സംഭവങ്ങൾ കോവളം എന്ന മനോഹര തീരത്തിന് ഇത്തവണയും നാണക്കേട് വരുത്തി.