velpari

മധുര: പണ്ട്, പാണന്മാർ പാടിനടന്ന ഒരു സംഘകാല വീരപുരുഷനുണ്ട്- പാരി. വേലെടുത്ത് അടരാടിയതുകൊണ്ട് വേൽപ്പാരിയായി. പർവത രാജാവായിരുന്ന വേൽപ്പാരിയുടെ റൊമാൻസും ആക്ഷനുമൊക്ക നിറഞ്ഞ കഥയാണ് സു. വെങ്കിടേശന്റെ വീരയുഗ നായകൻ വേൽപ്പാരി. സംഘചരിത്രത്തിൽ പാണ്ഡ്യ, ചേര, ചോളരാജാക്കന്മാർക്കെതിരെ പട നയിച്ച വേൽപ്പാരിയുടെ ധീരഗാഥ. നോവലെഴുതിയ സു. വെങ്കിടേശനും ഇപ്പോൾ ഒരു യുദ്ധം നയിക്കുകയാണ്- തിരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ യുദ്ധം.

തമിഴ്നാട്ടിൽ, ദീർഘനാളായി ഒരു എം.പിയെയോ കഴിഞ്ഞ നിയമസഭയിലേക്ക് ഒരംഗത്തെയോ ജയിപ്പിക്കാൻ കഴിയാതിരുന്ന സി.പി.എമ്മിന് വിജയം സമ്മാനിക്കാൻ ചരിത്രനഗരമായ മധുരയിൽ നിന്നാണ് വെങ്കിടേശന്റെ പോരാട്ടം.

ചരിത്ര കഥാപാത്രമായ വേൽപ്പാരിയെ തോൽപ്പിക്കാൻ പാണ്ഡ്യ, ചേര, ചോള രാജാക്കന്മാർ ഒത്തുകൂടിയിരുന്നു. വെങ്കിടേശന്റെ അനുഭവത്തിൽ അതുതന്നെ ഇപ്പോഴത്തെ സ്ഥിതിയും. ശത്രുപക്ഷത്ത് രാജ്യം ഭരിക്കുന്ന ബി.ജെ.പി. സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡി.എം.കെ. പട്ടാളി മക്കൾ കക്ഷിയും വിജയകാന്തിന്റെ ഡി.എം.ഡി.കെയും അവരുടെ കൂടെയുണ്ട്.

സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവാണ് വെങ്കിടേശൻ. മധുരയുടെ അറുന്നൂറു വർഷത്തെ പാരമ്പര്യം പ്രമേയമാക്കിയ കാവൽകോട്ടം എന്ന നോവലിനായിരുന്നു അവാർഡ്. തമിഴ്നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പു മത്സരരംഗത്തുള്ള ഒരേയൊരു സാഹിത്യകാരനും വെങ്കിടേശൻ തന്നെ.

രാവിലത്തെ നടത്തം തന്നെ വോട്ടു തേടിയാണ്. വൈകിട്ടാണ് പിന്നെ തിരഞ്ഞെടുപ്പ് പ്രചാരണം. ചെങ്കൊടിയേന്തിയ പരമാവധി പ്രവർത്തകരെ അണിനിരത്തിയാണ് വെങ്കിടേശന്റെ പ്രചാരണ വാഹനം നീങ്ങുന്നത്. മുന്നിൽ അരിവാൾ ചുറ്റിക ചിഹ്നം പതിച്ച കുടകൾ ചൂടിയ തമിഴ് സഖാക്കൾ. ചില കേന്ദ്രങ്ങളിൽ 'ഡപ്പാംകുത്ത്' മേളവും പൊയ്‌ക്കാൽ കുതിരകളും രാജാപ്പാർട്ട് വേഷക്കാരുമൊക്കെ പ്രചാരണം കൊഴുപ്പിക്കാനുണ്ട്. ഡി.എം.കെ അദ്ധ്യക്ഷൻ സാക്ഷാൽ എം.കെ. സ്റ്റാലിൻ നേരിട്ടെത്തി കടകൾ കയറിയിറങ്ങി വെങ്കിടേശനു വേണ്ടി വോട്ടു തേടിയിരുന്നു.

പി.മോഹൻ രണ്ടു തവണ ജയിച്ച ചുവപ്പൻ ചരിത്രമുണ്ട് മധുരയ്‌ക്ക്. ചരിത്ര നോവലുകളിലൂടെ തമിഴ്‌മനസിൽ ഇടം നേടിയ തമിഴ്നാട് പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി കൂടിയായ സു. വെങ്കിടേശൻ മധുരാപുരിയിൽ അരുണപതാക പാറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അണികൾ. വ്യവസായിയായ വി.വി.ആർ.രാജ്‌സത്യനാണ് ഇവിടെ വെങ്കിടേശന് എതിരെ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥി.

ഡി.എം.കെയ്‌ക്ക് മേൽക്കൈയുള്ള മേഖലയാണ് മധുര. അഴഗിരി ഡി.എം.കെയ്‌ക്ക് എതിരെ രംഗത്തിറങ്ങുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അതു സംഭവിച്ചിട്ടില്ല. മറുപക്ഷത്ത് അണ്ണാ ‌ഡി.എം.കെയ്‌ക്ക് വെല്ലുവിളിയായി ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകം രംഗത്തുണ്ട്. ഇത് ഫലത്തിൽ ഡ‌ി.എം.കെ മുന്നണിയിലുള്ള സി.പി.എമ്മിന് ഗുണം ചെയ്യും.

"തമിഴ് ജനത മോദിയെ അമിതാധികാരത്തിന്റെ പ്രതീകമായാണ് കാണുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അടിമത്തത്തിന്റെ പ്രതീകമായും. ജയിച്ചാൽ നാൽ മധുരയിൽ ഐ.ടി വ്യവസായ വികസനത്തിനും മധുരയെ യുനെസ്‌കോയുടെ പൈതൃക നഗരമായി പ്രഖ്യാപിക്കാനും ശ്രമം നടത്തും"