ഒരു വീട്ടിൽ സന്ദർശനത്തിനെത്തിയതാണ്. ഗൃഹനാഥൻ ഒരു പുതിയ സാധനം സമ്മാനമായി തന്നു. പല്ലുതേയ്ക്കാനുള്ള പുതിയതരം ബ്രഷാണ്. പല്ലിൽ അത് കൊണ്ടു വച്ചിട്ട് സ്വിച്ചിട്ടാൽ മതി, തേക്കുന്ന ജോലി അതു ചെയ്തുകൊള്ളും. പല്ലിന്റെ ഇടയെല്ലാം വൃത്തിയാക്കിത്തരും. കൊള്ളാമല്ലോ സാധനം! വിലയോ നിസാരം. 3800 രൂപ മാത്രം!
ഈ പുതിയതരം ടൂത്ബ്രഷും കൊണ്ട് ഞാൻ നടന്നാൽ എനിക്കുണ്ടാകുന്ന നേട്ടമെന്താണ് : കൈയനക്കി പല്ലുതേക്കുന്ന ജോലി ഒഴിവാക്കാം. പകരം, ഈ സാധനത്തിലെ ചാർജ് തീരുമ്പോൾ അതിനെ റീചാർജ് ചെയ്യിക്കുക, അല്ലെങ്കിൽ അതിനു ചേരുന്ന കുഞ്ഞു ബാറ്ററി അന്വേഷിച്ചു നടക്കുക, അതു കേടാകുമ്പോൾ റിപ്പയർ ചെയ്യാൻ ആളെ അന്വേഷിപ്പിക്കുക, ഈ നാട്ടിൽ അതിനുള്ള ആളില്ലെങ്കിൽ അത് അന്യനാട്ടിലേക്കു അയച്ചു നന്നാക്കിയെടുക്കുക... ഇങ്ങനെ നീണ്ടുപോകുന്നു പുതിയ ജോലികൾ!
ഇങ്ങനെയുള്ള കാര്യങ്ങൾക്കുവേണ്ടി സമയം വൃഥാ ചെലവാക്കുന്നതിനു പകരം കൈകൊണ്ട് പല്ല് ബ്രഷ് ചെയ്യുന്ന ജോലി ദിവസം ഒരു മിനിട്ട് ചെയ്താൽ പോരേ? ജീവിതത്തിൽ അനിവാര്യമായ കൊച്ചുകൊച്ചു ജോലികളിൽ സമയം ലാഭിക്കാനെന്ന വ്യാജേന നമ്മുടെ സമയം, പുതിയ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു പരിസേവ ചെയ്യാനായി വൃഥാ ചെലവഴിക്കുകയല്ലേ നമ്മിൽ പലരും ചെയ്യുന്നത്? ആ സമയം നല്ല കാര്യങ്ങൾ ചിന്തിക്കാൻ ഉപയോഗിക്കാം. ആവശ്യമുള്ള എന്തെല്ലാം കാര്യങ്ങളുണ്ട്! അതെല്ലാം ചെയ്യാൻ ഉപയോഗിക്കാം. പറമ്പിൽ അല്പം പച്ചക്കറികൾ നട്ട് അതിൽ സന്തോഷിക്കാം.
അദ്ധ്വാനിക്കാനുള്ള കഴിവോടുകൂടിയ അവയവങ്ങൾ പ്രകൃതി തന്നിരിക്കുന്നത്, പ്രകൃതിയുടെ കൃതിയിൽ (കർമ്മങ്ങളിൽ) നമ്മളും പങ്കുചേരാനാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാനല്ല. മനുഷ്യസഹജവും പ്രകൃതിസഹജവുമായ കർമ്മങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് നമ്മളെ മനുഷ്യരല്ലാതാക്കും. അനായാസതയെപ്പറ്റി മാത്രം ചിന്തിക്കുന്ന മനുഷ്യക്കോലങ്ങളാക്കും.
ജീവിതത്തിൽ സഹജമായ അദ്ധ്വാനം കുറയ്ക്കാനുള്ള ശ്രമം എത്രയെത്ര പുതിയതും കൃത്രിമവുമായ ജോലികളിലേക്കാണ് മനുഷ്യനെ തള്ളിവിടുന്നത് ! ഇങ്ങനെയുള്ള പ്രലോഭനങ്ങളിൽ ചെന്നു പെടാനാണ് വ്യാവസായികയുഗം മനുഷ്യന് ഇടവരുത്തിയിരിക്കുന്നത്. ഇത്തരം ഓരോരോ പുതിയ തരം കെണികൾ ദിവസവും കമ്പോളത്തിൽ വന്നുകൊണ്ടുമിരിക്കുന്നു. ഇങ്ങനെയുള്ള പലതരം കെണികളുടെ ലോകത്താണ് ജീവിക്കുന്നത് എന്നറിഞ്ഞുകൊണ്ടു ജീവിച്ചാൽ കുറച്ചൊക്കെ അതിൽ നിന്നു രക്ഷപ്പെട്ടു നില്ക്കാം. സമ്മാനമായി ലഭിച്ച പുതിയതരം ടൂത് ബ്രഷ് ഞാൻ സ്വീകരിച്ചില്ല എന്ന് പറയേണ്ടതില്ലല്ലോ!