ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ വിജയശ്രീലാളിതരായ 759 പേരുടെ പട്ടികയിൽ നാനൂറ്റി പത്താമത്തെ റാങ്ക് നേടിയ ശ്രീധന്യ പല കാരണങ്ങളാൽ ഏറെ ശ്രദ്ധേയയാവുകയാണ്. കേരളത്തിൽ വയനാട്ടിലുള്ള ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന യുവതിയാണ് ഇരുപത്താറുകാരിയായ ശ്രീധന്യ. പരീക്ഷാ പരിശീലനത്തിന് ചേരാൻ പോലും പണം കടം വാങ്ങേണ്ടിവന്ന സാധുകുടുംബത്തിലെ ഒരു യുവതി ആദിവാസി സമൂഹത്തിനു മാത്രമല്ല കേരളത്തിന് ആകെത്തന്നെ വലിയ അഭിമാനമായിരിക്കുകയാണ്. കൂലിപ്പണി ചെയ്തിട്ടായാലും പ്രിയ പുത്രിയെ അവളുടെ ആഗ്രഹപൂർത്തീകരണത്തിനായി ഊരു വിട്ട് പരിശീലനത്തിന് അയയ്ക്കാൻ തയ്യാറായ മാതാപിതാക്കളും പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു. എല്ലാ അർത്ഥത്തിലും പ്രതികൂല സാഹചര്യങ്ങളോട് സന്ധിയില്ലാതെ പൊരുതി നേടിയതാണ് ഈ വിജയം. കേരളത്തിലെ ആദിവാസികൾക്കിടയിലെ ആദ്യ സിവിൽ സർവീസുകാരിയാകാൻ പോകുന്ന ശ്രീധന്യ വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിൽ താമസിക്കുന്ന സുരേഷ് - കമല ദമ്പതികളുടെ പുത്രിയാണ്. കുറച്യ സമുദായത്തിൽപ്പെട്ട ഇവരും ശ്രീധന്യയുടെ അപൂർവ നേട്ടത്തിലൂടെ സമൂഹത്തിന്റെ സ്നേഹാദരങ്ങൾക്ക് പാത്രീഭൂതരായിരിക്കുകയാണ്. രണ്ടാമത്തെ ശ്രമത്തിലാണ് ശ്രീധന്യ വിജയകിരീടം ചൂടിയതെങ്കിലും ജീവിതസാഹചര്യങ്ങൾ വച്ചുനോക്കിയാൽ ഒട്ടും തന്നെ പകിട്ടു കുറയുന്നതല്ല ഈ നേട്ടം. നാട്ടിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം നേടിയ ശേഷം ഡൽഹിയിൽ നിന്നാണ് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിൽ പങ്കെടുത്തത്. അശ്രാന്ത പരിശ്രമവും ലക്ഷ്യം നേടാനുള്ള നിശ്ചയദാർഢ്യവും ഒരുപോലെ ഒത്തിണങ്ങിയപ്പോൾ ജന്മനാടിനും സ്വസമുദായത്തിനും കീർത്തി നേടിക്കൊടുക്കാൻ പറ്റുന്നതായി ശ്രീധന്യയുടെ സിവിൽ സർവീസ് വിജയം. സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ഇപ്പോഴും ഏറെ അകന്നു കഴിയാൻ നിർബന്ധിതരായ ജനസമൂഹമാണ് ആദിവാസി വിഭാഗങ്ങൾ. പത്താം ക്ളാസ് കടക്കുന്നവർ തന്നെ നന്നേ കുറവ്. പരിഷ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അത്ര വലിയ നേട്ടങ്ങളൊന്നും ഇനിയും അവർക്ക് കരഗതമായിട്ടില്ല. ആദിവാസി ക്ഷേമം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രധാന അജൻഡകളിലൊന്നായിട്ടും പട്ടിണി മരണങ്ങൾ പോലും അവർക്കിടയിൽ പൂർണമായും തടയാനായിട്ടില്ല. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾക്കായി നീക്കിവയ്ക്കുന്ന ഫണ്ടിന്റെ നല്ലൊരു ഭാഗം ഇപ്പോഴും ആരൊക്കെയോ ചേർന്ന് കൊള്ളയടിക്കുകയാണ്. തുടങ്ങിയിടത്തുതന്നെ നിൽക്കുന്നവയാണ് ആദിവാസി ക്ഷേമ പദ്ധതികളിലധികവും. സിവിൽ സർവീസ് പരീക്ഷ പാസായ ശ്രീധന്യയ്ക്ക് താമസയോഗ്യമായ ഒരു വീടുപോലുമില്ല. പൊളിഞ്ഞുവീഴാറായ കൂരയിൽ ജീവിച്ചുകൊണ്ടാണ് ഈ മിടുക്കി നേട്ടത്തിന്റെ ഓരോ പടവും കയറിയത്.
ഓരോ വർഷവും സിവിൽ സർവീസ് പരീക്ഷാഫലത്തിൽ വിസ്മയകരവും അപൂർവവുമായ എന്തെങ്കിലുമൊന്ന് ഉണ്ടാകും. ഇക്കുറി അത് ശ്രീധന്യയിലൂടെയായതിൽ ആദിവാസി സമൂഹത്തിന് ആകമാനം അഭിമാനിക്കാൻ വക നൽകുന്നതായി. ഭരണത്തിൽ നേരിട്ടു പങ്കാളിയാകാൻ ലഭിച്ച ഈ അവസരം സ്വതന്ത്രവും നീതിപൂർവകവുമായി വിനിയോഗിക്കാൻ കഴിയുമ്പോഴാണ് അതിന്റെ മൂല്യം ഉയരുന്നത്. നാടിനോടും സ്വന്തം സമുദായത്തോടുമുള്ള ഉത്തരവാദിത്വം ഏറ്റവും ഉയർന്ന നിലയിൽത്തന്നെ നിറവേറ്റാൻ ശ്രീധന്യയ്ക്ക് അവസരം ലഭിക്കട്ടെ എന്ന് ഹൃദയപൂർവം ഞങ്ങൾ ആശംസിക്കുന്നു. ഇക്കുറി സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കനിഷ്ക് കതാരിയ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള മിടുക്കനാണെന്നതും ആഹ്ളാദകരമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളിലെപ്പോലെ ഇക്കുറിയും സംസ്ഥാനത്തുനിന്ന് നിരവധി മിടുക്കന്മാരും മിടുക്കികളും സിവിൽ സർവീസ് പരീക്ഷ പാസായിട്ടുണ്ട്. ദേശീയ തലത്തിൽ ഇരുപത്തൊൻപതാം റാങ്ക് നേടിയത് എറണാകുളം ആലുവ കടുങ്ങല്ലൂർ സ്വദേശി ശ്രീലക്ഷ്മിയാണ്. കേരളത്തിൽ നിന്നുള്ള വിജയികളിൽ ഏറ്റവും ഉയർന്ന റാങ്കിന്റെ അവകാശിയും ശ്രീലക്ഷ്മി തന്നെ. മുപ്പതോളം പേർ ആദ്യ അഞ്ഞൂറു റാങ്കുകൾക്കകത്ത് വന്നിട്ടുണ്ട്. സ്ഥിരോത്സാഹത്തിന്റെയും കഠിന പരിശ്രമത്തിന്റെയും ഫലപ്രാപ്തിയാണിത്. പുതുതലമുറയിൽപ്പെട്ട കുട്ടികൾക്കിടയിൽ രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയോടുള്ള താത്പര്യവും ആഭിമുഖ്യവും നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് നല്ല ലക്ഷണമാണ്. സിവിൽ സർവീസിൽ കടന്നുകൂടാനായില്ലെങ്കിലും അതിനുവേണ്ടിയുള്ള കഠിന പരിശ്രമം മറ്റു മത്സര പരീക്ഷകൾ എളുപ്പമാക്കും. മികച്ച തൊഴിലവസരങ്ങൾ ലഭിക്കാനും അത് ഇടവരുത്തും. സിവിൽ സർവീസ് പരീക്ഷയ്ക്ക് കോച്ചിംഗ് നൽകുന്ന സ്ഥാപനങ്ങൾ കൂടുതലായി പ്രവർത്തനം തുടങ്ങിയത് വലിയ അനുഗ്രഹമായിട്ടുണ്ട്. സംസ്ഥാനത്തുനിന്ന് ഇക്കുറി സിവിൽ സർവീസ് ലഭിച്ച കുട്ടികളിലധികവും ഇവിടത്തെ സ്ഥാപനങ്ങളിൽ പരിശീലനം നടത്തിയവരാണ്. രണ്ടാമത്തെയും മൂന്നാമത്തെയും അവസരത്തിൽ കടന്നുകൂടിയവരാണ് അധികവും. ചിട്ടയായ പരിശീലനവും പരന്ന വായനയും സ്ഥിരോത്സാഹവുമാണ് വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. സിവിൽ സർവീസ് നേടി കുടുംബത്തിനും നാടിനും ഒരുപോലെ അഭിമാനം കൊണ്ടുവന്ന എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും ആശംസകൾ നേരുന്നു. ഇവരുടെ ഈ അഭിമാന വിജയം പിൻതലമുറകൾക്ക് പ്രചോദനമാകട്ടെ എന്നും ആശംസിക്കുന്നു.