പോർട്ട് ബ്ലെയർ: കാണാൻ അതിമനോഹരവും എന്നാൽ അതുപോലെതന്നെ വെല്ലുവിളികൾ നിറഞ്ഞതുമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ ദ്വീപുകളിൽ ആകെ ഒരു ലോക്‌സഭ മണ്ഡലമാണുള്ളത്. അതുതന്നെ ധാരാളമാണെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്തുകൊണ്ടെന്നല്ലേ.. ചില്ലറ കടമ്പകളൊന്നുമല്ല ഉദ്യോഗസ്ഥർക്ക് ചാടികടക്കേണ്ടത്. പെരുമ്പാമ്പുകൾ അധിവസിക്കുന്ന കൊടുംകാടുകൾ, കാട്ടുപന്നികൾ, കാട്ടാനകൾ, കൊടും വിഷമുള്ള രാജവെമ്പാലകൾ, ഇരയെ കാത്ത് പതുങ്ങി കിടക്കുന്ന മുതലകൾ.. അങ്ങനെ അനവധി പരീക്ഷണങ്ങൾ കടക്കണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്. വോട്ടെടുപ്പ് ദിവസം ഫോറസ്റ്റ് ഓഫീസർമാർക്ക് പിടിപ്പത് പണിയാണ്. ഇവയിൽ നിന്നെല്ലാം ഉദ്യോഗസ്ഥരേയും വോട്ടർമാരേയും സുരക്ഷിതമാക്കണമല്ലോ.
വിവരങ്ങൾ കൈമാറാൻ ഇന്റർനെറ്റ് കണക്ഷനും പോരാ. ഫോൺ, ഇന്റർനെറ്റ് ആശയവിനിമയം സുഗമമായി നടക്കാത്തതിനാൽ വിവരങ്ങൾ പരസ്‌പരം കൈമാറാൻ ഏറെ വൈകും. ഏപ്രിൽ 11ന് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇവിടത്തെ ആശയ വിനിമയ സംവിധാനങ്ങളിലെ പ്രശ്നങ്ങൾ ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തുകയാണ്. ജലമാർഗമാണ് വോട്ടിംഗ് മെഷീനുകൾ അതത് പോളിംഗ് ബൂത്തുകളിൽ എത്തിക്കുന്നത്.
വൈദ്യുതി പോലും എത്താത്ത സ്ഥലങ്ങൾ ആൻഡമാനിലുണ്ട്. മുതലകൾ മറഞ്ഞിരിക്കുന്ന കണ്ടൽക്കാടുകൾ വളരെ അപകടകരമാണ്. മുമ്പ് മുതലകൾക്ക് മുന്നിൽ പെട്ടുപോയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. ആൻഡമാനിലെ മൂന്ന് ജില്ലകളിലായി 417 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 572 ദ്വീപുകൾ ഉള്ള ആൻഡമാനിൽ 37 എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. അതിൽ 18 ദ്വീപുകളിൽ മാത്രമാണ് പൊലീസിന്റെ സേവനം ഉള്ളതും. ഇതിൽ മിഡിൽ ആൻഡമാനാണ് ജനവാസമുള്ള ഏറ്റവും വലിയ ദ്വീപ്. ഏകദേശം 1,500 ഓഫീസർമാരാണ് തിരഞ്ഞെടുപ്പ് മേൽനോട്ടത്തിനായി വടക്കൻ ആൻഡമാൻ മുതൽ ഇന്ത്യയുടെ ഏറ്റവും അറ്റത്തുള്ള തെക്കൻ ആൻഡമാനിലെ ഇന്ദിര പോയിന്റ് വരെയുള്ളത്.