hh

നെയ്യാറ്റിൻകര: ഭിന്നശേഷിക്കാരിയായിട്ടും നീന്തൽ മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച സൂര്യയുടെ വിജയം ഒളിമ്പിക്സ് വേദിവരെയെത്തിച്ചു. എന്നാൽ സൂര്യയ്ക്ക് ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനാകുന്നില്ല. നെയ്യാറ്റിൻകര വ്ലാങ്ങാമുറി

കിഴങ്ങുവിളാകത്ത് വീടിന് സമീപം മോഹനന്റേയും അംബികയുടേയും മൂത്തമകളാണ് സൂര്യ.

ഇക്കഴിഞ്ഞ മാർച്ച് 14 മുതൽ 21 വരെ അബുദാബിയിൽ നടന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ലോക ഒളിമ്പിക്സിൽ സൂര്യ എന്ന ഇരുപതുകാരി മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽ ബാക്ക് സ്ട്രോക്ക് നീന്തലിലൂടെ (പിറകോട്ടുള്ള നീന്തൽ) വെള്ളി മെഡലാണ് സ്വന്തമാക്കിയത്. ഫ്രീ സ്റ്റൈലിൽ അഞ്ചാം സ്ഥാനവും നേടി.എന്നാൽ നീന്തൽ മത്സരങ്ങളിൽ വെള്ളിയും സ്വർണവുമൊക്കെ നേടിയെങ്കിലും ജീവിത മത്സരത്തിൽ നീന്തിക്കയറാനായില്ല. പൂശാത്ത ഒറ്റമുറി വീട്ടിൽ ജീവിതം കൂട്ടിച്ചേർക്കാനുള്ള നെട്ടോട്ടത്തിലാണ് സൂര്യയുടെ കുടുംബം. 58 ശതമാനം മാനസിക വൈകല്യമുള്ള സൂര്യ വഴുതൂരിലെ കാരുണ്യ സ്പെഷ്യൽ സ്കൂളിലെ വി.എച്ച്.എസ്.സി വിദ്യാർത്ഥിയാണ്. സാമ്പത്തിക പരാധീനതയെത്തുടർന്ന്സഹോദരി ആര്യയ്ക്ക് പ്ലസ് വണ്ണിനുശേഷം പഠനം നിറുത്തേണ്ടി വന്നു.

സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇവരുടെ പഠനച്ചെലവ് താങ്ങാനാകുമായിരുന്നില്ല. ഈ സാഹചര്യത്തിൽ സൂര്യയുടെ പഠനവും നിറുത്തേണ്ട അവസ്ഥയാണ്.

വീടിന് സമീപത്തെ കുളത്തിൽ നിന്നാരംഭിച്ച നീന്തൽ പരിശീലനം 2015 ലെ മുംബൈയിൽ നടന്ന ദേശീയനീന്തൽ മത്സരത്തിൽ സ്വർണം നേടിക്കൊടുത്തു. കഴിഞ്ഞ ദിവസം നേത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ പി.ഗോപിനാഥൻനായർ‌ സൂര്യയുടെ വീട്ടിലെത്തി ഉപഹാരം നൽകിയിരുന്നു. നേത്ര ചെയർമാൻ സുനിൽനേത്ര, പാലക്കടവ് വേണുഗോപാൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു.എന്നാൽ അനുമോദനങ്ങൾക്കിടയിലും തുടർപഠനം എന്ന കടമ്പ സൂര്യയ്ക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുകയാണ്.