തിരുവനന്തപുരം: എൽ.ഡി.എഫിന് വോട്ട് നൽകി മതേതരസർക്കാരിനുള്ള അവസരം പാഴാക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ഭരണഘടനയുടെ മൂല്യങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കാനുള്ള മതേതര പുരോഗമന ബദൽ സർക്കാരിനായി കക്ഷിരാഷ്ട്രീയം മറന്ന് വോട്ട് ചെയ്യണമെന്നും പ്രസ്ക്ലബിന്റെ 'ജനായത്തം' പരിപാടിയിൽ ആന്റണി പറഞ്ഞു. സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന് പറഞ്ഞത് രാഹുൽഗാന്ധിയുടെ മഹത്വമാണ്. എന്നാൽ രാഹുലിനെ വിമർശിക്കാൻ അഞ്ചുവർഷമായി ബി.ജെ.പി പറഞ്ഞുകൊണ്ടിരുന്ന വാചകങ്ങളാണ് സി.പി.എമ്മിന്റെ ഔദ്യോഗികപത്രം കടമെടുത്തത്. അത് അവർക്ക് പറ്റിയ വീഴ്ചയാണ്. അതുകൊണ്ട് രാഹുൽഗാന്ധിക്ക് ഒന്നും സംഭവിക്കില്ല.
ഒരിക്കൽകൂടി ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സർക്കാർ വന്നാൽ ഭരണഘടന ഈ രാജ്യത്ത് കാണില്ല. അഞ്ച് വർഷമായി പടിപടിയായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കുന്നതിനുള്ള സുവർണാവസരമാണിത്. ഇപ്പോൾ കൈപ്പിഴ പറ്റിയാൽ സാമൂഹികനീതിയിലും ജനാധിപത്യത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഇന്ത്യ പിന്നെ ഉണ്ടാവില്ല.
തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റകക്ഷിയെയോ തിരഞ്ഞെടുപ്പിന് മുമ്പുള്ള വിശാലസഖ്യത്തെയോ ആണ് സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നത്. ആ സാഹചര്യത്തിലാണ് ബി.ജെ.പി വേണമോ കോൺഗ്രസ് വേണമോയെന്ന ചോദ്യം ഉയരുന്നത്. ഇടതുപക്ഷ കക്ഷികൾക്ക് പ്രസക്തിയുണ്ടെങ്കിലും മോദി വീണ്ടും വരുന്നത് തടയാൻ അവർക്കാവില്ല.
ബി.ജെ.പിയെ പുറത്താക്കാൻ യു.പിയിലടക്കം സഖ്യത്തോട് കോൺഗ്രസ് മുഖംതിരിച്ചുവെന്ന പിണറായി വിജയന്റെ പ്രസ്താവന ജനതയെ പരിഹസിക്കലാണ്. രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. അമേതിയിലും വിജയിക്കും -ആന്റണി പറഞ്ഞു.
പ്രളയവും ശബരിമലയും സർക്കാരിന് തിരിച്ചടിയാവും
കേരളം അനുഭവിച്ച മഹാപ്രളയത്തിൽ ഒന്നും ചെയ്യാത്തതിലുണ്ടായ ജനരോഷത്തിൽ നിന്നു രക്ഷപ്പെടാനാണ് ശബരിമല വിഷയം പിണറായി വിജയൻ വഷളാക്കിയത്. പ്രളയത്തിലെല്ലാം നഷ്ടപ്പെട്ട ജനം ശക്തമായ തിരിച്ചടി നൽകും. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ പ്രളയത്തെക്കുറിച്ചുയർന്ന ആരോപണങ്ങളിൽ ജുഡിഷ്യൽ അന്വേഷണം നടത്തുന്നതാണ് നല്ലത്. ബി.ജെ.പിക്ക് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ മോദി വിചാരിച്ചാൽ ഒരുദിവസം കൊണ്ട് ശബരിമല വിഷയത്തിന് പരിഹാരമുണ്ടാക്കാമായിരുന്നു. എം.കെ. രാഘവനെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും ആന്റണി പറഞ്ഞു.