തിരുവനന്തപുരം: ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ളിം ലീഗിന്റെ മുൻകാല രൂപമായ സർവേന്ത്യാ ലീഗിന്റെ പൈതൃകത്തെ കോൺഗ്രസും ലീഗും തള്ളിപ്പറയുമോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'ഇന്ത്യൻ വോട്ട് വർത്തമാനം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947ൽ ബ്രിട്ടീഷുകാരുടെ കാബിനറ്റ് മിഷൻ മുമ്പാകെ ഇന്ത്യയെ വിഭജിക്കരുതെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇന്ത്യ ഒരിക്കലും ഒന്നിച്ച് നിൽക്കരുതെന്നായിരുന്നു സർവേന്ത്യാ ലീഗിന്റെ ആവശ്യം. 16 പരമാധികാര റിപ്പബ്ലിക്കായി വെട്ടിമുറിക്കണമെന്നും ഹിതപരിശോധന നടത്തണമെന്നുമായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ ആവശ്യം. ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്ന് രാജ്യത്തെ വിഭജിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഈ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെതിരെ ബി.ജെ.പി പറഞ്ഞിട്ടുണ്ട്, എന്നാലത് മുസ്ളിങ്ങൾക്ക് എതിരല്ല. ദക്ഷിണേന്ത്യയിൽ നിന്ന് ബി.ജെ.പിയെ തുടച്ചുനീക്കുമെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവന ജനാധിപത്യ വിരുദ്ധമാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഗിനെക്കുറിച്ച് നടത്തിയ വൈറസ് പരാമർശം ചട്ടലംഘനമാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുക്കണം. ശബരിമലയിൽ വിശ്വാസികൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ അടക്കമുള്ളവ തിരഞ്ഞെടുപ്പിൽ ഉയർത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി ആർ.കിരൺ ബാബു സ്വാഗതവും സംസ്ഥാന സെക്രട്ടറി വി.ഷീന നന്ദിയും പറഞ്ഞു.