ആറ്റിങ്ങൽ: ഗതാഗതം നിയന്ത്രിക്കുന്ന വർക്ക് കുടചൂടി വെയിലിനെ തടയാൻ അനുവാദം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ആറ്റിങ്ങലിലെ പൊലീസുകാർ. ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരത്തിൽ ഒരു നിമിഷം പോലും പൊലീസിന്റെ നിയന്ത്രണം ഒഴിവാക്കാൻ കഴിയില്ല. ചൂട് ക്രമാതീതമായി കൂടിയതോടെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ട പൊലീസുകാരും ട്രാഫിക് വാർഡന്മാരുമെല്ലാം കഷ്ടത്തിലായിരുന്നു. പലപ്പോഴും അവർ തളരുമ്പോൾ തണൽ തേടി പോകാൻ പോലും ആറ്റിങ്ങലിൽ സ്ഥലമില്ലാത്ത സ്ഥിതിയാണ്. എരിയുന്ന വെയിലത്ത് വിയർത്തൊലിച്ചു നിന്ന് വാഹനങ്ങളെ നിയന്ത്രിക്കുന്ന പൊലീസുകാർ ആറ്റിങ്ങലിലെ ദയനീയ കാഴ്ചയായിരുന്നു. ഗതാഗതം നിയന്ത്രിക്കുന്നവർക്ക് കുട ചൂടാനുളള അനുവാദം ലഭിച്ചതോടെ ഇവരെല്ലാം വലിയ ആശ്വാസമായി. നഗരത്തിൽ കുടചൂടി നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരെയാണ് കഴിഞ്ഞ ദിവസം യാത്രക്കാർ കണ്ടത്.