തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് ജോലികൾക്കായി ട്രാൻസ്ജെൻഡറുകളെ നിയോഗിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള സാമൂഹ്യസുരക്ഷാ മിഷനിലെ ട്രാൻസ്‌ജെൻഡർ സെല്ലിൽ പ്രോജക്ട് ഓഫീസറായ ശ്യാമ എസ്.പ്രഭ, പ്രോജക്ട് അസിസ്റ്റന്റുമാരായ ലയ മരിയ ജയ്സൺ, ശ്രുതി സിത്താര എന്നിവരെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് ചുമതല നൽകണമെന്ന് സാമൂഹ്യനീതി വകുപ്പ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയോട് ശുപാർശ ചെയ്തിരുന്നു.
ട്രാൻസ്ജെൻഡർ സമൂഹത്തിന് കിട്ടിയ അംഗീകാരമാണിതെന്ന് മൂവരും കേരളകൗമുദിയോട് പറഞ്ഞു. ട്രാൻസ്ജെൻഡറുകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുന്നത് ശുഭസൂചനയാണെന്നും, എന്നാൽ കോഴിക്കോട് ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ട സംഭവം ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ശ്യാമ പറഞ്ഞു. 29കാരിയായ ശ്യാമ സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ അദ്ധ്യാപികയായിരുന്നു. ലയ മരിയ ജയ്സൺ (28) ഇക്കണോമിക‌്സ് ബിരുദധാരിയും ശ്രുതി (24) ബി.കോം ബിരുദധാരിയുമാണ്
119 ട്രാൻസ്ജെൻഡറുകൾക്ക് വോട്ട്
ഈ തിരഞ്ഞെടുപ്പിൽ 119 ട്രാൻസ്ജെൻഡറുകൾക്കാണ് വോട്ടവകാശമുള്ളത്. 2014ലെ തിരഞ്ഞെടുപ്പിൽ ഒരു ട്രാൻസ്ഡജെൻഡറിന് പോലും വോട്ടവകാശം ഇല്ലായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് പേർക്ക് വോട്ടവകാശമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡറുകൾക്ക് വോട്ടുള്ളത് തലസ്ഥാനത്താണ്, 41 പേർക്ക്. പിന്നിൽ തൃശൂർ ( 21), കോഴിക്കോട് (15) എന്നീ ജില്ലകളാണ്. 2015ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 25,000 ട്രാൻസ്‌ജെൻഡറുകളാണുള്ളത്. ഇവരിൽ 700 പേർക്ക് സാമൂഹ്യനീതി വകുപ്പ് തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ട്.