പാറശാല: പാറശാല പഞ്ചായത്തിലെ കരുമാനൂർ വാർഡിലെ മിക്ക കർഷകരും വെള്ളത്തിനായി ആശ്രയിക്കുന്നത് പ്രദേശത്തെ കുളങ്ങളെയും അതിന് സമീപത്തായി നിർമ്മിച്ച കിണറുകളെയുമാണ്. അതുപോലൊരു കുളമാണ് ചെന്താഴത്തുകുളവും. 1 ഏക്കറിൽ ഉള്ള കുളത്തിൽ നിന്നും നിരവധി ആളുകളാണ് കൃഷിക്കായി വെള്ളം ശേഖരിക്കുന്നത്. കുളത്തിന് സമീപത്തായി നിർമ്മിച്ചിട്ടുള്ള കിണറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്തും കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ 25 വർഷത്തിൽ കൂടുതലായി കുളം നവീകരിക്കാതെ ചെളിനിറഞ്ഞ് കിടക്കുകയാണെന്ന കാരണത്താൽ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ചെന്താഴത്തുകുളം വറ്റിച്ചു. കൃഷിക്ക് വെള്ളം ഉപയോഗിക്കുകയും നാട്ടുകാർ കുളിക്കാനും കുളത്തെ ആശ്രയിച്ചിരുന്നു. കടുത്ത വരൾച്ചയിലും വെള്ളം ഉള്ളതിനാൽ സമീപത്തെ കിണറുകളിലും വെള്ളം വറ്റിയിരുന്നില്ല. എന്നാൽ കുളം വറ്റിച്ചതോടെ സമീപത്തെ കിണറുകളും വറ്റി. ഇനി എങ്ങനെ കൃഷി മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഇവിടുത്തെ കർഷകർ.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കുളത്തിലെ വെള്ളം തുറന്നുവിട്ട് വെള്ളം വറ്റിച്ച് ചെളിമാറ്റാനും നവീകരണ പ്രവർത്തനങ്ങൾ നടത്താനും പഞ്ചായത്ത് അധികൃതർ തീരുമാനിക്കുന്നത്. ഇതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനും അധികൃതർ തീരുമാനിച്ചു. എന്നാൽ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നിരിക്കെ വരൾച്ച നേരിടുന്ന സാഹചര്യത്തിൽ പാകമാകാറായ കൃഷിക്ക് വെള്ളത്തിനായി ഇനി ഏത് ജലശ്രോതസുകളെ ആശ്രയിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
കുളത്തിന് സമീപത്തായി 50 ഏക്കറോളം വസ്തുവിലായി വാഴ, പലതരം പച്ചക്കറികൾ തുടങ്ങി നിരവധി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. കുളവും കിണറുകളും വറ്രിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കർഷകർ. കുളത്തിലെ വെള്ളം തുറന്നുവിടുമെന്ന് അറിഞ്ഞപ്പോൾ തന്നെ ചില കർഷകർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതനുസരിച്ച് കടുത്ത വേനൽ നിലനിൽക്കുന്ന സാഹചര്യത്തിൽ കുളത്തിലെ വെള്ളം തുറന്നുവിടില്ലെന്ന ഉത്തരവ് പഞ്ചായത്ത് സെക്രട്ടറി നൽകിയിട്ടും ചേന്താഴത്തുകളുത്തിലെ വെള്ളം വറ്റിച്ചു.
നാട്ടുകാർ ഈ കുളത്തെ കുളിക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും കൃഷിക്കായി ആരും ഉപയോഗിക്കുന്നില്ലെന്നുമാണ് മറ്റ് അധികൃതരുടെ മറുപടി. കുളത്തിലെ വെള്ളം തുറന്ന് വിട്ടതിനെതിരെ ചില കർഷകർ കൃഷി വകുപ്പ് മന്ത്രി, കൃഷി ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കുളം വൃത്തിയാക്കി വെള്ളം നിറച്ച് നാട്ടുകാരായ കർഷകരെ രക്ഷിക്കുന്നതോടൊപ്പം നാട്ടുകാർക്ക് പ്രയോജനകരമാക്കി മാറ്റണമെന്നതാണ് ജനങ്ങളുടെ ആവശ്യം.