നെടുമങ്ങാട്: മേൽമൂടിയില്ലാതെ പാറപ്പൊടിയുമായി ചീറിപ്പായുന്ന ടിപ്പർലോറികളാണ് പനയ്ക്കോട് നിവാസികളുടെ ഇപ്പോഴത്തെ പ്രശ്നം. പ്രതിദിനം നൂറുകണക്കിന് ടിപ്പറുകളാണ് ഇത്തരത്തിൽ ചീറിപ്പായുന്നത്. വേനലിൽ പൊതുവെ അന്തരീക്ഷത്തിൽ പൊടിശല്യം നേരിടുമ്പോൾ പാറയുടെ പൊടിയും പറത്തിയുള്ള ടിപ്പറുകളുടെ യാത്ര പനയ്‌ക്കോട്-കുളപ്പട റോഡിന് വശങ്ങളിലുള്ളവരുടെ ജനജീവിതം ദുസഹമാക്കിയത്. കാൽനട യാത്രക്കാരും സ്കൂൾ കുട്ടികളും ഇരുചക്ര വാഹന യാത്രക്കാരും പൊടിയിൽ തപ്പിത്തടയുന്നത് നിത്യസംഭവമാണ്. രണ്ടുമാസമായി ഈ ദുരിതം തുടങ്ങിയിട്ട്. ഹൈസ്‌കൂൾ ജംഗ്‌ഷൻ, ചന്തമുക്ക്, കാവിൻപുറം ദുർഗാദേവീക്ഷേത്രം, ബാങ്ക് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ പൊടിശല്യം കാരണം വാഹനാപകടങ്ങളും പെരുകിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ബൈക്ക് യാത്രക്കാരായ രണ്ടു കോളേജ് വിദ്യാർത്ഥികൾ പാറപ്പൊടി കണ്ണിൽ വീണ് അപകടത്തിൽപ്പെട്ടു. റോഡരികിലെ താമസക്കാരും കച്ചവടക്കാരും അലർജിയും ശ്വാസസംബന്ധമായ രോഗങ്ങളും കാരണം ബുദ്ധിമുട്ടുകയാണ്. ടിപ്പറുകളുടെ യാത്ര നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇവ മേൽമൂടി കൊണ്ട് മറച്ചിരുന്നെങ്കിൽ പൊടിശല്യത്തിന് പരിഹാരമായേനേയെന്ന് നാട്ടുകാർ പറയുന്നത്. മേൽമൂടി കൊണ്ട് മറച്ചതിന് ശേഷമേ ലോഡുമായി നിരത്തിൽ ഇറങ്ങാൻ പാടുള്ളുവെന്ന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും നിർദേശം കാറ്റിൽപ്പറത്തി ഒരു വിഭാഗം ഡ്രൈവർമാരാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. രാവിലെയും വൈകിട്ടും സ്‌കൂൾ സമയത്ത് ടിപ്പർ ലോറികൾ നിരത്തിൽ ഓടിക്കരുതെന്ന റവന്യൂ അധികൃതരുടെ ചട്ടങ്ങളും ഇത്തരം ഡ്രൈവർമാർ ലംഘിക്കുകയാണെന്ന് പരാതിയുണ്ട്. വലിയമല, ആര്യനാട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായതിനാൽ പൊലീസ് പരിശോധന ഇല്ലെന്നും പരാതിയുണ്ട്.