തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ ലഭിച്ച 303 നാമനിർദ്ദേശ പത്രികകളിൽ 243 എണ്ണം സൂക്ഷ്മ പരിശോധനയ്ക്കുശേഷം അംഗീകരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 60 പത്രികകൾ തള്ളി.
ഏറ്റവും കൂടുതൽ പത്രികകൾ അംഗീകരിച്ചത് വയനാടാണ്, 22എണ്ണം. 21എണ്ണവുമായി ആറ്റിങ്ങലാണ് തൊട്ടുപിന്നിൽ. ഏഴ് വീതം പത്രികകളുള്ള പത്തനംതിട്ട, കോട്ടയം, ആലത്തൂർ മണ്ഡലങ്ങളാണ് എണ്ണത്തിൽ പിന്നിൽ.
വോട്ടെടുപ്പ് ദിവസം പൊതു അവധിയായിരിക്കും. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനാണിത്. ഈ മാസം നാല് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,61,51,534 വോട്ടർമാരാണുള്ളത്. 1,26,84,839 പുരുഷ വോട്ടർമാരും, 1,34,66,521 സ്ത്രീകളും. നൂറ് വയസിന് മുകളിലുള്ള 2,230 വോട്ടർമാരുണ്ട്. തൊണ്ണൂറിനും നൂറിനും ഇടയിൽ 50,691 വോട്ടർമാരുമുണ്ട്. ട്രാൻസ്ജൻഡർ വോട്ടർമാർ 173.
ജനുവരി 30നുശേഷം വോട്ടർപട്ടികയിൽ പേരുചേർക്കാനായി 9 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. പുതിയ വോട്ടർമാരിൽ 18 നും 19 നും ഇടയിൽ പ്രായമുള്ള 5,49,969 പേരുണ്ട്. ഇതിൽ 2,97,835 പുരുഷൻമാരും 2,52,099 വനിതകളുമാണ്. പുതിയ വോട്ടർമാർ കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്, 84,438 പേർ. രണ്ടാമത് കോഴിക്കോട്. 67028 പേർ.
87,648 പ്രവാസി വോട്ടർമാരുണ്ട്. ഇതിൽ 82,339 പുരുഷൻമാരും 5296 വനിതകളുമാണ്. 35പേർ ട്രാൻസ് ജെൻഡറാണ്. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കോഴിക്കോട്ടാണ്, 32,944. മലപ്പുറത്ത് 17,143 എൻ.ആർ.ഐ വോട്ടർമാരുമുണ്ട്.
പ്രശ്നബാധിത ബൂത്തുകൾ 817
സംസ്ഥാനത്ത് 817 ബൂത്തുകൾ അതീവ ഗുരുതര പ്രശ്ന ബാധിത ബൂത്തുകളാണ്. 425 പ്രശ്നസാദ്ധ്യത ബൂത്തുകളുമുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, പാലക്കാട് എന്നിവിടങ്ങളിലായി മാവോയിസ്റ്റ് ഭീഷണിയുള്ള 162 ബൂത്തുകളാണുള്ളത്. കേന്ദ്ര സേനയെ ഉൾപ്പെടെ പ്രശ്ന ബാധിത ബൂത്തുകളിൽ വിന്യസിപ്പിക്കും.
7 കോടി രൂപ പിടിച്ചെടുത്തു
തിരഞ്ഞെടുപ്പ് സ്ക്വാഡ് ഇതുവരെ 7 കോടി രൂപയും 7 കോടിയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ സ്വർണവും മദ്യവും മയക്കുമരുന്നും ഉൾപ്പെടും. ഉറവിടം വ്യക്തമാക്കാൻ കഴിയാതിരുന്നവരിൽ നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകൾ ഹാജരാക്കി ശരിയെന്നു ബോദ്ധ്യപ്പെട്ടാൽ പണം തിരികെ നൽകും. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സി വിജിൽ ആപ്പിലൂടെ 16,754 പരാതികൾ ലഭിച്ചു. 14,447 പാരാതികളിൽ കഴമ്പുണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കും. കണ്ണൂർ ജില്ലയിൽനിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചത്, 1,905 എണ്ണം. ഇതിൽ 1,698ലും ശരിയാണെന്ന് കണ്ടെത്തി. പോസ്റ്ററുകളും ബാനറുകളുമായി ബന്ധപ്പെട്ട് 11,838 പരാതി ലഭിച്ചു. മദ്യം വിതരണം ചെയ്തതായി 22, പണം വിതരണം ചെയ്തതായി 28, പരാതികളും പാരിതോഷികങ്ങൾ നൽകിയതായി 31പരാതികളും ലഭിച്ചിട്ടുണ്ട്. മതപരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട് 147 പരാതികൾ ലഭിച്ചു.