വിതുര: വേനൽ കടത്തതോടെ നിരവധി പ്രശ്നങ്ങളാണ് നാട്ടുകാർക്ക് വെല്ലുവിളി ഉയർത്തിയത്. കുടിവെള്ള ക്ഷാമവും കടുത്ത ചൂടും അപ്രതീക്ഷിത പവർക്കട്ടും നാട്ടുകാർക്ക് തിരിച്ചടിയായി. എന്നാൽ ചൂട് കൂടിയതോടെ മാളങ്ങളിൽ പതുങ്ങിയ ഇഴ ജന്തുക്കളും തണുപ്പ് തേടി മാളം വിട്ടിറങ്ങാൻ തുടങ്ങിയതോടെ ജനം ഭീതിയിലാണ്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ഇഴജന്തുക്കളുടെ ശല്യം കാരണം നാട്ടുകാർ വളരെ ശ്രദ്ധിച്ചാണ് കഴിയുന്നത്. രാജവെമ്പാലയും പെരുമ്പാമ്പും വരെ മാളം വിട്ട് പുറത്ത് ചാടി. പ്രദേശങ്ങളിൽ നേരീയ തോതിൽ വേനൽ മഴയും എത്തിയതോടെ ചൂട് കടുക്കുകയും ഇഴജന്തുക്കൾ മാളം വിട്ടിറങ്ങാൻ കാരണമായി. വീടുകളിലും ആൾപ്പാർപ്പുള്ള സ്ഥലങ്ങളിലും ഇഴജന്തുക്കൾ സ്ഥാനം പിടിച്ചു തുടങ്ങി. ജനവാസമേഖലയായ വിതുര ചേന്നൽപാറയിൽ പല വീടുകളിലും പെരുമ്പാമ്പുകളെ കണ്ടിരുന്നു. കോൺഗ്രസ് നേതാവ് വിതുര തുളസിയുടെ വീട്ടിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പാമ്പ് പിടുത്തക്കാരൻ സനൽ രാജ് എത്തിയാണ് പിടിച്ചത്. അധിവാസി മേഖലകളിലേയും അവസ്ഥ വിഭിന്നമല്ല. വനത്തിൽ നിന്നും നിരവധി ഇഴജെന്തുക്കളാണ് നാട്ടിൽ ഇറങ്ങുന്നത്. ജനങ്ങൾ ശ്രദ്ധയോടെ കഴിയുന്നതിനാൽ ആർക്കും ഇതുവരെ പാമ്പിന്റെ കടിയേറ്റിട്ടില്ല.