പാറശാല : പള്ളിക്കൂടം പാഠപുസ്തകമാക്കി ഒരു സർക്കാർ വിദ്യാലയം പാറശാല ഗ്രാമ പഞ്ചായത്തിലെ ആലത്തോട്ടം ഗവ. എൽ.പി..എസാണ് വിദ്യാർത്ഥികളുടെ പഠന മുന്നേറ്റത്തിന്റെ തുടർച്ച ഉറപ്പാക്കി വിദ്യാലയാങ്കണത്തിൽ ജൈവവൈവിദ്ധ്യ ഉദ്യാനമൊരുക്കിയത്. ഉദ്ഘാടനം പാറശാല കൃഷി ഓഫീസർ ലതാശർമ്മ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബിനു അദ്ധ്യക്ഷത വഹിച്ചു. 27 ഇനം തുളസിച്ചെടികൾ, 50 ലേറെ ഔഷധ സസ്യങ്ങൾ,15ലേറെ വ്യത്യസ്ത ഇനം ചെമ്പരത്തികൾ തുടങ്ങിയവയെല്ലാം ഉദ്യാനത്തിൽ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഉദ്യാനത്തോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ചെറിയ കുളത്തിൽ ജലസസ്യങ്ങളുമുണ്ട്. പ്രകൃതിയുടെ വൈവിധ്യങ്ങളെ തിരിറിച്ചറിയുക, പ്രകൃതിയേയും പ്രകൃതിയിലെ ജീവജാലങ്ങളേയും സ്നേഹിക്കുക, ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് ഉദ്യാനം ഒരുക്കിയിട്ടുള്ളത്.
സ്വയംപര്യാപ്തത ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ' കുട്ടിയ്ക്കൊരു കോഴി ' പദ്ധതിയുടെ ഉദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ സി.ബെഞ്ചമിനും സ്കൂൾ ആകാശവാണിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ സി. രാജനും നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ബി.ആർ.പത്മജ, പി.ടി.എ വൈസ് പ്രസിഡന്റ് സരസ്വതി,ഹെവൻ അഗസ്റ്റിൻ, സി. ലളിത, ജി.പുഷ്പ റാണി, എസ്.എസ്.ഷീലാറാണി എന്നിവർ സംസാരിച്ചു.