sreedhanya

തിരുവനന്തപുരം :അമ്പെയ്‌ത്തിനോട് എന്താണിത്ര താൽപര്യമെന്നായിരുന്നു സിവിൽ സർവീസ് ഇന്റർവ്യൂവിന് ശ്രീധന്യയോടുള്ള ആദ്യചോദ്യം. പരമ്പരാഗത അമ്പെയ്‌ത്തും ട്രെക്കിംഗും ഹോബിയായി കാണിച്ചതാണ് ആ ചോദ്യത്തിലേക്ക് എത്തിച്ചത്. പാരമ്പര്യത്തെക്കുറിച്ചാണല്ലോ ആദ്യ ചോദ്യം. ഇന്റർവ്യൂവിനെ പറ്റി ഉണ്ടായിരുന്ന ഭയം മാറി.

'എന്തേ അമ്പും വില്ലും കൊണ്ടുവരാത്തത്? - രണ്ടാമത്തെ
ചോദ്യം.

''അതൊക്കെ കൊണ്ടുവരാൻ വലിയ ബുദ്ധിമുട്ടാണ് സർ''. എല്ലാവരും ചിരിച്ചു. പിന്നീടുള്ള ചോദ്യങ്ങൾക്ക് ശ്രീധന്യ ആത്മവിശ്വാസത്തോടെ മറുപടി നൽകി. റിസൾട്ട് വന്നപ്പോൾ റാങ്ക് 410.

ആദിവാസികളായി കുറിച്ച്യരിൽ നിന്ന് സിവിൽ സർവീസ് നേടുന്ന ആദ്യ വ്യക്തിയായി ശ്രീധന്യ ചരിത്രം കുറിച്ചു. എല്ലാവരുടെയും അഭിമാനമായ ശ്രീധന്യയ്‌ക്ക് ഇന്ന് ജന്മനാട് അത്യുജ്ജ്വല വരവേൽപ്പ് നൽകും.

വയനാട് പൊഴുതന ഇടിയംവയൽ എം.ഇ.എസ് കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളായ സുരേഷ് - കമല ദമ്പതികളുടെ മകളാണ് 26 കാരിയായ ശ്രീധന്യ. നല്ലൊരു വീടില്ല. വീട്ടിലേക്കൊരു റോഡില്ല. ദാരിദ്ര്യം തന്നെ മുഖമുദ്ര. പട്ടിണിയിലും കൂലിപ്പണിയെടുത്ത് സുരേഷും കമലയും മക്കളെ വളർത്തി.

ശ്രീധന്യയ്‌ക്ക് പണ്ടേ സിവിൽ സർവീസ് മോഹം ഉണ്ടായിരുന്നു. സർക്കാർ സ്‌കൂളിലാണ് പഠിച്ചതെങ്കിലും ഭാഷ വശമാക്കാൻ ഇംഗ്ലീഷ് വാരികകളും പത്രങ്ങളും വായിക്കുമായിരുന്നു. ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് മോഹം ഉറച്ചത്. ട്രൈബൽ വകുപ്പിൽ പ്രോജക്ട് അസിസ്റ്റന്റായി കരാർ ജോലിനോക്കുമ്പോഴാണ് സിവിൽ സർവീസിന്റെ മഹത്വം ബോദ്ധ്യമായത്. ഒരു മീറ്റിംഗിന് വകുപ്പ് മേധാവികൾ ആരെയോ കാത്തിരിക്കുകയാണ്. അസിസ്റ്റന്റ് കളക്ടർ എത്തിയപ്പോൾ എല്ലവരും ബഹുമാനത്തോടെ ചാടി എണീറ്റു. അന്ന് മനസിൽ കുറിച്ചു - ഐ.എ.എസ് കാരിയാകണം.

ആദ്യം കിട്ടിയ വനിതാ സിവിൽ പൊലീസ് ഓഫീസർ ജോലി വേണ്ടെന്നു വച്ചു. തിരുവനന്തപുരത്തേക്ക് മണ്ണന്തലയിൽ പട്ടികജാതി / പട്ടികവർഗക്കാർക്കുള്ള സിവിൽ സർവീസ് അക്കാഡമിയിൽ പ്രിലിമിനറിക്ക് പരിശീലനം നേടി. മെയിൻ പരീക്ഷയ്‌ക്ക് അവിടെ സൗകര്യമില്ലാത്തതിനാൽ ഫോർച്യൂൺ അക്കാ‌‌ഡമിയിലെത്തി. പഠിക്കാൻ പട്ടിക വർഗ്ഗ കമ്മിഷൻ സാമ്പത്തിക സഹായം നൽകി. ജില്ലാ പഞ്ചായത്തിന്റെ 'പ്രതിഭാ പിന്തുണ' പദ്ധതിയിൽ നിന്ന് അമ്പതിനായിരം രൂപ കിട്ടി. ആദ്യ ചാൻസിൽ പരാജയപ്പെട്ടെങ്കിലും പിന്മാറിയില്ല. കഴിഞ്ഞ ജൂണിൽ വീണ്ടും പ്രിലിമിനറി പാസായി. ഒക്ടോബറിൽ മെയിൻ ജയിച്ചു. കടം വാങ്ങിയ പണവുമായാണ് ഡൽഹിയിൽ അഭിമുഖത്തിന് പോയത്. അത് ചരിത്രമായി.

ശ്രീധന്യയുടെ സഹോദരി സുശിത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. അനിയൻ ശ്രീരാഗ് പോളിടെക്നിക് വിദ്യാർത്ഥിയാണ്