തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന നേതാക്കൾക്കെതിരായ മെഡിക്കൽ കോഴ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് അന്വേഷണം. ചെന്നിത്തലയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ഇത് സംബന്ധിച്ച് തെളിവുകൾ ചെന്നിത്തല കൈമാറി.
ആരോപണ വിധേയരായ ആർ.എസ്. വിനോദ്, ഡൽഹിയിലെ സതീഷ് നായർ എന്നിവരിൽ നിന്നും മൊഴിയെടുത്തു. അതേസമയം ബി.ജെ.പി നേതാവ് കെ.പി. ശ്രീശൻ ഉൾപ്പെടയുള്ളവർക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരായിട്ടില്ല. ശ്രീശൻ അദ്ധ്യക്ഷനായ സമിതിയെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ബി.ജെ.പി നിയോഗിച്ചിരുന്നത്.
ക്രൈംബ്രാഞ്ച് സെൻട്രൽ ഡിവൈ.എസ്.പി രാജേഷിനാണ് അന്വേഷണച്ചുമതല. പ്രാഥമികാന്വേഷണത്തിൽ കഴമ്പുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികളിലേക്ക് കടക്കും. ആരോപണം സ്ഥിരീകരിക്കുന്ന ബി.ജെ.പിയുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടാത്ത വിഷയമായതിനാൽ അന്വേഷിക്കാനാകില്ലെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു. ചെന്നിത്തല തുടർന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നു. സർക്കാരിന് നിവേദനവും നൽകി. വിജിലൻസ് തിരിച്ചയച്ച ഫയൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ സർക്കാർ ഏല്പിച്ചു. പ്രതിപക്ഷ നേതാവിന്റെ പരാതിയും കൈമാറി.
വർക്കല എസ്.ആർ കോളേജിന് മെഡിക്കൽ കൗൺസിലിന്റെ അനുമതി ലഭിക്കാൻ കോളേജ് ഉടമയിൽ നിന്ന് ബി.ജെ.പി നേതാക്കൾ അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. അന്വേഷണ റിപ്പോർട്ട് പുറത്തായത് വൻ വിവാദമാകുകയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പിടിച്ചുകുലുക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബി.ജെ.പി നേതാവ് വി.വി. രാജേഷ് അടുത്തിടെയാണ് തിരിച്ചെത്തിയത്.