തിരുവനന്തപുരം: ബി.ജെ.പി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ലാക്കാക്കി എ.കെ. ആന്റണി വീശിയ ചാട്ടുളിയോടെ സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ചർച്ചാവിഷയം ദേശീയരാഷ്ട്രീയമായി. ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള മതേതര പുരോഗമന ബദൽ സർക്കാരിനായി കക്ഷിരാഷ്ട്രീയം മറന്ന് കോൺഗ്രസിന് വോട്ട് ചെയ്യാനാണ് ആന്റണി ഇന്നലെ ആഹ്വാനം ചെയ്തത്.
പ്രചാരണ പര്യടനത്തിന് തുടക്കം കുറിച്ച് ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട ആന്റണി പ്രയോഗിച്ചത് ഇരുതലമൂർച്ചയുള്ള ആയുധമാണ്. അഖിലേന്ത്യാതലത്തിൽ ബി.ജെ.പി വിരുദ്ധ വികാരം കേരളത്തിൽ പൂർണമായും യു.ഡി.എഫിന് അനുകൂലമാക്കിയെടുക്കുകയെന്ന തന്ത്രമാണ് കോൺഗ്രസ് പയറ്റുന്നത്.
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തോടെ ഈ നീക്കത്തിന് ഗതിവേഗം കൂടിയെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു.
യു.ഡി.എഫ് അനുഭവിച്ച് പോന്നിരുന്ന മതന്യൂനപക്ഷ പിന്തുണയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും ചോർച്ചയുണ്ടായെന്ന തിരിച്ചറിവ് യു.ഡി.എഫിനെ കുറേനാളായി അലട്ടുന്നുണ്ട്. അതിനെ മറികടക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം. അഖിലേന്ത്യാതലത്തിൽ ബി.ജെ.പിക്കെതിരെ ശക്തമായ ആക്രമണമുന തിരിച്ചുവിടുന്ന നേതാവെന്ന പ്രതിച്ഛായ രാഹുൽഗാന്ധിക്കുണ്ട്. കേരളത്തിലെ വോട്ട് ശതമാനത്തിൽ ശക്തരായ മതന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ അതുകൊണ്ടുതന്നെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. കുറഞ്ഞത് വടക്കേ മലബാറിലെങ്കിലും.
എൽ.ഡി.എഫിന് വോട്ട് നൽകി മതേതര സർക്കാരിനുള്ള അവസരം പാഴാക്കരുതെന്ന് ആഹ്വാനം ചെയ്ത ആന്റണിയുടെ ഉന്നം വ്യക്തം. തിരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചാലും കേരളത്തിൽ ഭരണ മാറ്റമുണ്ടാവില്ലെന്നിരിക്കെ, ഇപ്പോൾ കൈപ്പിഴ പറ്റിയാൽ സാമൂഹ്യ നീതിയിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഇന്ത്യ പിന്നെയുണ്ടാവില്ലെന്നും ആന്റണി പറഞ്ഞുവച്ചു.
ഇങ്ങനെ പറയുമ്പോൾ തന്നെ, ശബരിമല, പ്രളയം എന്നീ വിഷയങ്ങളിൽ സർക്കാരിനെ കണക്കിന് പ്രഹരിക്കാനും ആന്റണി മറന്നില്ല. അഖിലേന്ത്യാതലത്തിൽ ഇടതിന് തീർത്തും പ്രസക്തിയില്ലാതായെന്ന് സ്ഥാപിക്കാനാണ് വാർത്താസമ്മേളനത്തിലുടനീളം ആന്റണി ശ്രമിച്ചത്. ഇത് മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണെന്ന് വ്യക്തം. ആന്റണിക്ക് ഇടതുപക്ഷം നൽകാൻ പോകുന്ന മറുപടിയെന്തെന്ന ചോദ്യം അതുകൊണ്ടുതന്നെ ആകാംക്ഷയുണർത്തുന്നുണ്ട്.
ഇതിന് പുറമേയാണ് ബി.ജെ.പിയുടെ 'സംഭാവനകൾ'. മുസ്ലിംലീഗിന്റെ സ്വാധീനമണ്ഡലമായ വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കാനെത്തുന്നതിനെ ഉത്തരേന്ത്യയിൽ ഹിന്ദു ധ്രുവീകരണത്തിനുള്ള നല്ല വളമാക്കിയെടുക്കാനാണ് അവരുടെ നീക്കം. 2014ൽ മുസഫർനഗർ കലാപവും തുടർന്നുണ്ടായ ഹിന്ദുധ്രുവീകരണ നീക്കങ്ങളും ഫലമുണ്ടാക്കിയെന്ന തിരിച്ചറിവാണവരെ നയിക്കുന്നത്. യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെതിരെ നടത്തിയ വൈറസ് പ്രയോഗം ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്.
കേരളത്തിൽ അവർക്ക് ഇതുമൂലം നഷ്ടമൊന്നും സംഭവിക്കാനില്ല. കിട്ടുന്നെങ്കിൽ അധികം മാത്രം.
എന്നാൽ, രാഹുലിന്റെ വരവ് ഇടതിന് ആഘാതമുണ്ടാക്കുമെന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. ആഘാതം കൂട്ടാൻ വഴിയൊരുക്കുന്നതാണ് ആന്റണിയുടെ വാക്കുകൾ. ഇതിന് മറുമരുന്നായി, പശു സംരക്ഷണത്തിലടക്കം കോൺഗ്രസിന്റെ മൃദുഹിന്ദുത്വവും കോൺഗ്രസ് നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള ചാട്ടവുമെല്ലാം ഇടതുപക്ഷം വരും ദിവസങ്ങളിൽ തീക്ഷ്ണതയോടെ എടുത്തു പയറ്റുമെന്ന് കരുതാം.