തിരുവനന്തപുരം : കർഷക വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള സർക്കാർ അപേക്ഷയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ വിശദീകരണം തേടി. ഇതുസംബന്ധിച്ച അറിയിപ്പ് സർക്കാരിന് കൈമാറുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ മോറട്ടോറിയം കാലാവധി നീട്ടൽ വൈകാനാണ് സാദ്ധ്യത.

തിരഞ്ഞെടുപ്പിനിടെ ഇത്തരമൊരു അപേക്ഷയ്ക്ക് കേന്ദ്ര കമ്മിഷൻ അനുമതി നൽകാനിടയില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ, 2018 ഒക്‌ടോബറിൽ ഇറക്കിയ സംസ്ഥാന സർക്കാർ ഉത്തരവനുസരിച്ച് എല്ലാ വായ്പകളിലുമുള്ള ജപ്തി നടപടികൾക്ക് അടുത്ത ഒക്‌ടോബർ 11വരെ മോറട്ടോറിയം നിലവിലുണ്ട്. മോറട്ടോറിയം കാലാവധി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചിട്ടും ഉദ്യോഗസ്ഥർ ഉത്തരവിറക്കാത്തത് വിവാദമായിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച ഫയൽ സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ചു. എന്നാൽ വിശദീകരണം ആവശ്യപ്പെട്ട് ഫയൽ മടക്കി. പെരുമാറ്റച്ചട്ടം നിലനിൽക്കേ, ഉത്തരവിറക്കേണ്ടതിന്റെ അടിയന്തര സാഹചര്യം വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഫയൽ മടക്കിയത്. തുടർന്ന് വിശദീകരണത്തോടെ ഫയൽ സർക്കാർ വീണ്ടും നൽകി. ഈ അപേക്ഷ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറി. ഇതിലാണ് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.