election-2019

ചെന്നൈ: "എങ്കൾ പുന്നകൈ മന്നൻ ഉദയനിധി സ്റ്റാലിൻ വരിക വരിക, ഇരുകരം കൂപ്പി അൻപോട് വരവേൽക്കിറേൻ..."പെരമ്പൂർ എം.പി.എം തെരുവിൽ ഉച്ചത്തിലുള്ള അനൗൺസ്‌മെന്റ്. മുക്കവലയിൽ ജനം നിറഞ്ഞിരുന്നു. സ്ത്രീകളും യുവാക്കളുമാണ് അധികം.

'വരികിറാൻ ഉദയസൂര്യൻ... ഓടിവരികിറാൻ ഉദയസൂര്യൻ..." പാട്ടു തീർന്നതും ആരവങ്ങൾക്കു നടുവിലേക്ക് ഒരു കാരവാൻ വന്നു നിന്നു. തലയുയർത്തി നിന്ന ഉദയനിധി സ്റ്റാലിന് ഹാരാർപ്പണത്തോടെ ആരാധകരുടെ സ്വീകരണം. ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മകനാണെങ്കിലും ഇതുവരെ സജീവ രാഷ്ട്രീയത്തിലിറങ്ങാതെ സിനിമയുമായി കഴിഞ്ഞ ഉദയനിധി സ്റ്റാലിന്റെ രാഷ്ട്രീയ പ്രവേശത്തിനു കൂടിയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേദിയാകുന്നത്. മകനെ പ്രചാരണത്തിനിറക്കി തമിഴ്‌മനസ്സു പിടിക്കാൻ ശ്രമിക്കുകയാണ് സ്റ്റാലിൻ.

ചെന്നൈ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി കലാനിധി വീരമണിയെയും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കന്ന ആർ.ഡി ശേഖറിനെയും ഇരുവശത്തുമായി നിറുത്തി മൈക്കെടുത്ത് ഉദയനിധി ജനത്തോടു ചോദിച്ചു: "ഏപ്രിൽ പതിനെട്ട് മോദിക്ക് ഗെറ്റൗട്ട്. കറക്ടാ?' ഒരേ ശബ്‌ദത്തിൽ ആൾക്കൂട്ടത്തിന്റെ മറുപടി: ''കറക്ട്!"

ബി.ജെ.പിയെയും അണ്ണാ ഡി.എം.കെയെയും കണക്കിനു വിമർശിച്ച് തനി രാഷ്ട്രീയക്കാരനായി കലൈഞ്ജർ കുടുംബത്തിലെ ഇളമുറക്കാരന്റെ പ്രസംഗം. "അഞ്ചുവർഷം കൊണ്ട് അമ്പതു രാജ്യങ്ങൾ ചുറ്റിക്കറങ്ങി വന്നിരിക്കുകയാണ് പ്രധാനമന്ത്രി. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് തമിഴ്‌നാടിനെ ഓർത്തതു തന്നെ.കള്ളപ്പണം പിടിച്ച് നിങ്ങൾക്ക് 15 ലക്ഷം അക്കൗണ്ടിൽ തരാമെന്നു പറഞ്ഞിട്ട് പത്തു പൈസ തന്നോ?"

തൂത്തുക്കുടിയിൽ 13 പേർ കൊല്ലപ്പെട്ടില്ലേ? അതിന് മോദിയും മോദിയുടെ അടിമയായ മുഖ്യമന്ത്രി പളനിസാമിയും മറുപടി പറയണം. വില്ലന്മാരാണ് ഇവർ. ഇവരെ വിരട്ടിയോടിക്കണം. 18-നു ശേഷം കേന്ദ്രത്തിൽ രാഹുൽഗാന്ധിയും ഇവിടെ നമ്മുടെ തലൈവർ സ്റ്റാലിനും അധികാരത്തിൽ വരണം.

രാഷ്ട്രീയത്തിലിറങ്ങാൻ എനിക്ക് പദവിയൊന്നും ഇല്ലെന്നാണ് 'മക്ക് മുതലമൈച്ചർ' പളനിസാമി പറയുന്നത്. പദവിക്കു വേണ്ടി ഞാൻ ആരുടെയും കാലിൽ വീണിട്ടില്ല. ജയലളിതയുടെ സ്വത്തുക്കൾ സൂക്ഷിച്ചിരുന്ന കൊടനാട്ടിൽ ജയലളിതയുടെ ഡ്രൈവറും സെക്യൂരിറ്റിക്കാരനും ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ട കേസ് എന്തായി? കൊടനാട് സംഭവത്തെക്കുറിച്ച് സംസാരിക്കരുതെന്നാണ് പളനിസാമി പറയുന്നത്. നമ്മൾ പറയും. ജയലളിതാ അമ്മ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ആരെയെങ്കിലും കാണാൻ സമ്മതിച്ചോ? ആ അമ്മ ഇഡ്ഡലി കഴിച്ചതിന്റെ പേരിൽ ലക്ഷക്കണിക്കിനു രൂപ ബില്ലടിച്ചില്ലേ? മോദി കൊടുത്ത പിച്ചയാണ് ഏടപ്പാടിക്ക് മുഖ്യമന്ത്രിസ്ഥാനം.

പ്രസംഗത്തിനൊടുവിൽ ഉദയനിധിയുടെ അഭ്യ‌ർത്ഥന ഇങ്ങനെ: "തലൈവൻ മകനായിരുന്ത് കേൾക്കിറേൻ, കലൈഞ്ജർ പേരനായി കേൾക്കിറേൻ..." പ്രസംഗം തീർന്നപ്പോൾ പ്രവർത്തകരിലൊരാൾ തന്റെ മകനെ ഉയർത്തിനീട്ടി. ഉദയനിധി കുഞ്ഞിനെ ഒപ്പമിരുത്തിയ ശേഷം തിരികെ നൽകി. കാരവാൻ മുന്നോട്ട്.