camp

തിരുവനന്തപുരം: ഈ അവധിക്കാലത്ത് ഒന്ന് കാട് കയറിയാലോ? ഒപ്പം ഗോത്രവർഗക്കാരുടെ ഊരുകളിൽ പോയി അവരെ കാണുകയും തനത് ജീവിത ശൈലികൾ മനസിലാക്കുകയും ചെയ്യാം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് (ഡി.ടി.പി.സി) കുട്ടികൾക്ക് ഇതിനുള്ള അവസരമൊരുക്കുന്നത്. കുരുന്നു ഹൃദയങ്ങളിൽ പ്രകൃതി സ്നേഹവും പ്രകൃതിയോടുള്ള കരുതലും നിറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എൻവയേൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിലിനൊപ്പം ആക്കുളത്ത് 'നേച്ചർ ഓൺ വീൽസ്' എന്ന പേരിൽ പ്രകൃതി പഠന ക്യാമ്പ് ഇൗ മാസം 7 മുതൽ ആരംഭിച്ചു. മെയ്15ന് സമാപിക്കും.

ക്യാമ്പിന്റെ ഭാഗമായി പാലോട് ,കോട്ടൂർ വനമേഖലകൾ, കണ്ടൽക്കാടുകൾ, നദീതീരങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് പഠനയാത്ര നടത്തുന്നുണ്ട്. പാലോട് ബൊട്ടാണിക്കൽ ഗാർഡനും പ്രിയദർശിനി പ്ളാനറ്റോറിയവും സന്ദർശിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കും. കൂടാതെ നീന്തൽ,യോഗ ക്ളാസുകളുമുണ്ടാകും. ജല സംരക്ഷണത്തിനുള്ള മാ‌ർഗങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് പ്രത്യേകമായി ക്ളാസുണ്ട്.

ഇനിയും ക്യാമ്പിൽ പങ്കെടുക്കാം. 10 മുതൽ 15 വരെയുള്ള 30 കുട്ടികൾക്കാണ് പ്രവേശനം. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് സമയം. 5000 രൂപയാണ് പ്രവേശന ഫീസ്.

ഫോൺ: 9847878502.