അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദയനിധി സ്റ്റാലിൻ മത്സരിക്കുമോ? അതു സംഭവിക്കുമെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതിനു മുന്നോടിയായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് മകൻ ഉദയനിധിയെ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ അയച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
കേഡർ പാർട്ടിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡി.എം.കെയിൽ കുടംബാധിപത്യം കൂടിവരികയാണെന്ന ആരോപണത്തിന് ശക്തി പകരുന്നതാകും മകനെ ഇറക്കിയുള്ള സ്റ്റാലിന്റെ നീക്കം. ഡി.എം.കെ. മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിലെല്ലാം റോഡ് ഷോയുമായി ഉദയനിധി എത്തുന്നുണ്ട്. ഡി.എം.കെ, കോൺഗ്രസ് പ്രവർത്തകർക്കു പുറമെ ഫാൻസ് അസോസിയേഷൻ പ്രവർത്തകരും സ്വീകരണ ചടങ്ങുകൾ ഉഷാർ.
വയസ്സ് 41 ആയെങ്കിലും ഉദയനിധിക്ക് പയ്യൻലുക്കാണ് ഇപ്പോഴും. നിർമ്മതാവായിട്ടായിരുന്നു ചലച്ചിത്രപ്രവേശം. ഉദയനിധിയുടെ നിർമ്മാണ കമ്പനിയാണ് റെഡ് ജയന്റ് മൂവീസ്. കുരുവി, ആദവൻ, മന്മഥൻ അമ്പ്, എ.ആർ. മുരുകദാസിന്റെ സയൻസ് ഫിക്‌ഷൻ ചിത്രമായ ഏഴാം അറിവ് എന്നിവയൊക്കെ നിർമ്മിച്ചത് ഉദയനിധിയുടെ കമ്പനി. 2012-ൽ ഒരു കാൽ ഒരു കണ്ണാടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. മലയാളത്തിൽ സൂപ്പർഹിറ്റായ ഫഹദ്ഫാസിൽ ചിത്രം, മഹേഷിന്റെ പ്രതികാരം തമിഴിൽ നിമിർ എന്ന പേരിൽ പ്രിയദർശൻ സംവിധാനം ചെയ്‌തപ്പോൾ ഉദയനിധിക്കായിരുന്നു മഹേഷിന്റെ ലീഡ് റോൾ! കൃതികയാണ് ഭാര്യ. ഭർത്താവ് നിർമ്മിച്ച വണക്കം ചെന്നൈ എന്ന ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട്, കൃതിക.