തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് ലഭിക്കുന്ന പരിശീലനം സമൂഹത്തിൽ ഉത്തമ പൗരന്മാരായി വളരാൻ പ്രേരണ നൽകുന്നതാണെന്നും ജീവിതത്തിലുടനീളം അച്ചടക്കം പാലിക്കുന്നത് ജീവിതവിജയം നേടാൻ സഹായിക്കുമെന്നും പൊലീസ് മേധാവി ലോകനാഥ് ബെഹ്റ പറഞ്ഞു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായുള്ള സംസ്ഥാനതല സമ്മർ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
പാസിംഗ് ഔട്ട് പരേഡിൽ കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഫൈസൽ പരേഡ് കമാൻഡറും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ആർഷ.എസ് സെക്കൻഡ് ഇൻ കമാൻഡറും ആയിരുന്നു. മികച്ച പ്ലാട്ടൂൺ കമാൻഡർമാരായി ആലപ്പുഴ തിരുമല ദേവസ്വം ഹയർസെക്കൻഡറി സ്കൂളിലെ ശരത്.ജി, കോട്ടയം സെന്റ്.തെരേസാസ് ഹയർസെക്കൻഡറി സ്കൂളിലെ ഫെമി ആൻ. ബിജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അതുൽ എസ്.വിജയൻ, കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സുബ്ഹാന എന്നിവർ നയിച്ച പ്ലാട്ടൂണുകൾ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു. 300 ആൺകുട്ടികളും 300 പെൺകുട്ടികളും പങ്കെടുക്കുന്ന ക്യാമ്പ് ഇന്നു സമാപിക്കും.