img

വർക്കല: പാപനാശം നോർത്ത് ക്ലിഫിൽ എട്ട് കടകളിലുണ്ടായ തീപിടിത്തത്തിൽ വൻനാശനഷ്ടം. ഞായറാഴ്ച പുലർച്ചെ 3.45നാണ് തീപിടിത്തമുണ്ടായത്. മലയാളികളുടെയും അന്യസംസ്ഥാനക്കാരുടെയും കടകളാണ് അഗ്നിക്കിരയായത്. കാശ്‌മീരി സ്വദേശി ഉമർഅമീന്റെ പേർഷ്യൻ ആർട്സ്, കർണാടക സ്വദേശി വെങ്കിടേഷിന്റെ സിൽവർ ആൻഡ് കരകൗശല വസ്‌തുക്കൾ, കാശ്‌മീരി സ്വദേശി ഷാനവാസിന്റെ ജുവലറി, കാശ്‌മീരി സ്വദേശി താരിക്കിന്റെ കോസ്‌മെറ്റിക് ആൻഡ് കരകൗശല വില്പനശാല, കാശ്‌മീരി സ്വദേശി മുഖബിലിന്റെ കരകൗശല വസ്‌തുവില്പനശാല, മലയാളികളായ ഹൈനസിന്റെ റോക്ക് ആൻഡ് റോൾ കഫെ, കുമാറിന്റെ കോസ്‌മെറ്രിക് സൂപ്പർമാർക്കറ്ര്, ജോഷിയുടെ സൂപ്പർമാർക്കറ്ര് എന്നിവയാണ് പൂർണമായി കത്തിനശിച്ചത്. ഇതിനിടെ റസ്റ്റോറന്റുകളിലും മറ്റു സ്ഥാപനങ്ങളിലും സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ, മോട്ടോർ ബൈക്കുകൾ എന്നിവ പൊട്ടിത്തെറിക്കുകയും ചെയ്‌തു. തീപിടിത്തത്തിൽ രണ്ടരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്കാക്കുന്നു. റോക്ക് ആൻഡ് റോൾ കഫെയിൽ നിന്നാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന ഇവിടെ തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകാർ വിവരം വർക്കല ഫയർഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് വർക്കല, വെഞ്ഞാറമൂട്, കടയ്ക്കൽ, പരവൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നുള്ള ഒമ്പത് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. പാപനാശം കുന്നിലേക്ക് പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. സീസൺ ആയിരുന്നതിനാൽ നിരവധി വിദേശ ടൂറിസ്റ്റുകൾ പാപനാശത്തെ വിവിധ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുകയായിരുന്നു. അഡ്വ.വി. ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല സി.ഐ, തഹസിൽദാർ എന്നിവർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

സ്ഥലപരിമിതി; ഫയർഫോഴ്സിനെ

വലച്ച് രക്ഷാപ്രവർത്തനം

വർക്കല: ഞായറാഴ്ച പുലർച്ചെ പാപനാശം കുന്നിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ എല്ലാവഴിയും തേടുകയായിരുന്നു ഫയർഫോഴ്സ് അംഗങ്ങൾ. ദുരന്തം നടന്ന സ്ഥലത്തേക്ക് ഫയർഫോഴ്സിന്റെ യൂണിറ്രുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നോർത്ത് ക്ലിഫിന്റെ ഇടുങ്ങിയ വഴികളിലൂടെ ഫയർഫോഴ്സിന്റെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. പ്രധാനറോഡിൽ യൂണിറ്രുകൾ നിറുത്തി 25 ഓളം ഹോസുകൾ കണക്ട് ചെയ്ത് വെള്ളം പമ്പ് ചെയ്‌താണ് ഒടുവിൽ തീകെടുത്തിയത്. ദുരന്തസ്ഥലത്തേക്ക് വാഹനങ്ങൾ എത്തിക്കാനോ ഫലപ്രദമായി തീ അണയ്ക്കാനോ കഴിയാതെ ആദ്യത്തെ ഒരു മണിക്കൂർ ഫയർഫോഴ്സ് വലഞ്ഞു. ചുറ്റും കെട്ടിടങ്ങളും വലിയ മതിലുകളും തടസമായി. ആകെയുള്ളത് ഹെലിപ്പാടിൽ നിന്നും നോർത്ത് ക്ലിഫിലേക്ക് നീളുന്ന ഇടുങ്ങിയ നടപ്പാത മാത്രം. ഇതാകട്ടെ വീതിയില്ലാത്തതും കുന്നിടിച്ചിൽ കണക്കിലെടുത്ത് ഗതാഗതം നിരോധിച്ച വഴിയുമാണ്. അതിനാൽ ഹെലിപ്പാടിൽ വടക്കുഭാഗത്തായി ഫയർഫോഴ്സിന്റെ വണ്ടി നിറുത്തിയ ശേഷം ഹോസുകൾ ഘടിപ്പിച്ച ശേഷം എല്ലാ വഴികളിലൂടെയും തീ അണയ്‌ക്കാൻ ശ്രമിക്കുകയായിരുന്നു അംഗങ്ങൾ. തീപിടിച്ച കടകളുടെ സമീപത്തെത്താൻ മതിലിന് മുകളിൽ നിന്നും സമീപത്തെ കെട്ടിടത്തിൽ കയറിയുമാണ് വെള്ളം ചീറ്റിയത്. കത്തിക്കരിഞ്ഞ ഒട്ടുമിക്ക സ്ഥാപനങ്ങളും ടിൻഷീറ്രും ഓല മേഞ്ഞതുമായതിനാൽ തീയുടെ വ്യാപനം വളരെ വേഗത്തിലുമായി. 2002ലും 2012ലും 2016ലും പാപനാശം തീരമേഖലയിൽ സമാന രീതിയിൽ തീപിടിത്തമുണ്ടായപ്പോഴും ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനത്തിന് തടസമുണ്ടായിരുന്നു. പാപനാശം മേഖലയിലെ മാനദണ്ഡമില്ലാതെ കെട്ടിട നിർമ്മാണവും ദുരന്തമുണ്ടായാൽ നേരിടാനുള്ള മുൻകരുതലുകളുമില്ലാത്ത കെട്ടിടങ്ങളും ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടുന്നു. ദുരന്ത സാദ്ധ്യതകൾ കണക്കിലെടുത്ത് സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കണമെന്നുള്ള ആവശ്യം അടിയന്തരമായി നടപ്പാക്കണമെന്നാണ് ഈ അപകടങ്ങൾ നൽകുന്ന മുന്നറിയിപ്പ്.

പാപനാശം മേഖലയിൽ ഫയർഹൈഡ്രന്റ്

സംവിധാനം ഇന്നും കടലാസുകളിൽ

വർക്കല: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാപനാശത്തെ കെട്ടിടങ്ങളിൽ ഫയർഹൈഡ്രന്റ് സംവിധാനം ഏർപ്പെടുത്തണമെന്ന ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും നാട്ടുകാരുടെയും വർഷങ്ങളായുളള ആവശ്യം അധികൃതർ ഇതുവരെയും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. പാപനാശം മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരാതി. ഓരോ തീപിടിത്തമുണ്ടാകുമ്പോഴും ഈ ആവശ്യം മുന്നോട്ടുവയ്‌ക്കുമെങ്കിലും കുറച്ചുദിവസം കഴിയുമ്പോൾ ഇതേക്കുറിച്ച് എല്ലാവരും മറക്കും. സൗത്ത് ക്ലിഫ് മുതൽ നോർത്ത് ക്ലിഫ് വരെയുളള ഇടുങ്ങിയ പ്രദേശത്ത് അപകടമുണ്ടായാൽ ഫയർഫോഴ്സിനോ ആംബുലൻസിനോ എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്. വാട്ടർ അതോറിട്ടിയുടെ പ്രത്യേക വാൽവ് പാപനാശം മേഖലയിൽ ക്രമീകരിക്കുകയും അതുവഴി അടിയന്തര സാഹചര്യങ്ങളിൽ വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്‌താൽ ഇത്തരം തീപിടിത്തങ്ങളുടെ തീവ്രത കുറയ്‌ക്കാൻ കഴിയും. ഇതേക്കുറിച്ച് പലതവണ ഫയർഫോഴ്സ് വർക്കല നഗരസഭയ്ക്കും ജില്ലാ കളക്ടർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. വാട്ടർ അതോറിട്ടിയുടെ പൈപ്പ്ലൈൻ പാപനാശം മേഖലയിൽ പ്രത്യേകം ക്രമീകരിച്ചാൽ കടലിൽ നിന്നും വെള്ളം ശേഖരിച്ച് ഹെലിപ്പാട് പ്രദേശത്തെ ടാങ്കിലെത്തിക്കാം. അടിയന്തര സാഹചര്യത്തിൽ ഈ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.