1

പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിലെ കല്ലിംഗവിളാകം നിവാസികൾക്ക് ആകെയുള്ള ആവശ്യം കുടിവെള്ളം മാത്രമാണ്. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ ഇവിടുത്തുകാർ കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വേനൽ കടുക്കുമ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. തീരപ്രദേശത്തിന് അടുത്താണെങ്കിലും ഇവിടുത്തെ കിണറുകളിൽ വെള്ളം അല്പമെങ്കിലും കിട്ടണമെങ്കിൽ 250 അടിയിൽ കൂടുതൽ കുഴിക്കണം. കുടിവെള്ളവും വൈദ്യുതിയും നടപ്പാതയും ഇവിടുത്തുകാരുടെ പ്രധാന പ്രശ്നങ്ങളാണ്. 300 ഓളം വീടുകളിൽ 200ഉം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെതാണ്. വികസനം എങ്ങുമെത്താത്ത ഒരു കൊച്ചു ഗ്രാമം. ഈ സാഹചര്യത്തിലാണ് 2010- 15 കാലഘട്ടത്തിൽ പൂവാർ ഗ്രാമപഞ്ചായത്തും അന്നത്തെ കോവളം എം.എൽ.എയുമായ അഡ്വ. ജമീലാ പ്രകാശവും കൂടിയാലോചിച്ച് കല്ലിംഗവിളാകത്ത് ഒരു 'സ്വയം പര്യാപ്ത ഗ്രാമം" എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി 2014ൽ ജമീലാ പ്രകാശത്തിന്റെ അദ്ധ്യക്ഷതയിൽ അന്നത്തെ വാർഡ് മെമ്പറായിരുന്ന വിനോദ് കുമാർ പ്രദേശത്തെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 1 കോടി രൂപ അനുവദിക്കുകയും ചെയ്തു. പ്രോജക്ട് നടപ്പിലാക്കുന്നതിനായി ആലുവയിലെ എഫ്.ഐ.ടി കോൺട്രാക്ട് ഏറ്റെടുക്കുകയും ചെയ്തു.