കല്ലറ: വാമനപുരം നദിയിൽ പാലോട് മീൻമുട്ടിയിലുള്ള മിനി ഡാമിൽ വൈദ്യുതി ഉത്പാദനത്തിനായി ശേഖരിക്കുന്ന ജലം യാഥാസമയം തുറന്ന് വിടാത്തത് നദിയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു.

വലുതും ചെറുതുമായി 40ൽ പരം കുടിവെള്ള പദ്ധതികൾ വാമനപുരം നദിയിലുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ ഇവയിൽ ഭൂരിഭാഗം പദ്ധതികളുടെയും പ്രവർത്തനം അവതാളത്തിലായിട്ടുണ്ട്. ഏതാനം ദിവസങ്ങൾ കൂടി കഴിഞ്ഞാൽ മറ്റുള്ളവയുടെ പ്രവർത്തനവും നിലയ്ക്കും.

ഡാമിലേയ്ക്ക് ഒഴുകിയെത്തുന്ന ജലം അതിനുള്ളിൽ തന്നെ കെട്ടികിടക്കുകയാണ്. വൈദ്യുതി ഉത്പാദനം നടക്കാത്തതിനാൽ തുള്ളി വെള്ളം ഇവിടെ നിന്നും പുറത്തേയ്ക്ക് ഒഴുകാതായി. ഇതോടെ ഡാമിന് താഴെ നദിയുടെ ഒഴുക്ക് പൂർണമായും നിലച്ചു. വൈദ്യുതിയും കുടിവെള്ളവും ഒഴിച്ചു കൂടാകാത്തത് തന്നെ. അതിനാൽ കെ.എസ്.ഇ.ബി അധികൃതരും, വാട്ടർ അതോറിട്ടിയും സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. ഡാമിൽ നിന്നും നദിയിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ഭാഗികമായെങ്കിലും നില നിർത്തികൊണ്ടുള്ള വൈദ്യതി ഉത്പാദനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. ചെറിയ രീതിയിലാണെങ്കിലും ഡാമിൽ ജലനിരപ്പ് ഉയരുന്നത് നദിയിൽ നീരൊക്ക് പൂ‌ർണമായും നിലച്ചിട്ടില്ല എന്നതിന് തെളിവാണ്. ഇപ്പോൾ ഡാമിൽ വൈദ്യുതി ഉത്പാദനത്തിന് വേണ്ട വെള്ളം നിറയുമ്പോൾ മാത്രമാണ് ഷട്ടറുകൾ തുറക്കുക.

വാമനപുരം നദിയിൽ ഡാമിന് താഴെ അരുവിപ്പുറത്ത് വാട്ടർ അതോറിട്ടിയുടെ ദിവസം ഒരു കോടി ലിറ്റർ ജലം ശുദ്ധീകരിക്കുന്ന പ്ലാന്റ ഉണ്ട്. ചെറിയ നീർച്ചാൽ വലുപ്പത്തിൽ മാത്രമാണ് ഇവിടേയ്ക്ക് ജലം ഒഴുകിയെത്തുന്നത്.ജലം അടിയന്തിരമായി തുറന്ന് വിട്ടില്ലെങ്കിൽ ഇതിന്റെ പ്രവർത്തനും ഉടൻ നിലയ്ക്കും.