തിരുവനന്തപുരം: എൻജിനിയറിംഗിൽ നിന്ന് സിവിൽ സർവീസ് മേഖലയിലേക്ക് കടന്ന് വന്നിരിക്കുകയാണ് ശാസ്തമംഗലം സ്വദേശിനി ദിവ്യ ചന്ദ്രൻ എന്ന ഇരുപത്തിനാലുകാരി. സിവിൽ സർവീസ് പരീക്ഷയിൽ 397-ാം റാങ്കാണ് ദിവ്യ കരസ്ഥമാക്കിയത്. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് ബി.ടെക് സിവിൽ എൻജിനിയറിംഗ് പാസായ ശേഷം 3 വർഷമായി ദിവ്യ സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ തവണ പ്രിലിമിനറിയിൽ പരാജയപ്പെട്ടെങ്കിലും ചിട്ടയായ പഠനമാണ് ഇത്തവണ സിവിൽ സർവീസ് നേട്ടത്തിന് സഹായകമായത്. സോഷ്യോളജിയായിരുന്നു ഐശ്ചിക വിഷയം. ബി.ടെക് അവസാന വർഷം കാമ്പസ് പ്ലേസ്‌മെന്റിലൂടെ ടി.സി.എസിൽ ജോലി ലഭിച്ചെങ്കിലും സിവിൽ സർവീസിനേടുള്ള താത്പര്യം കാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഐ.എ.എസ് ലഭിക്കണമെന്നായിരുന്നു ആഗ്രഹം. നിലവിൽ ഓഡി​റ്റ് അല്ലെങ്കിൽ റവന്യൂ സർവീസ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചിലപ്പോൾ ഒരുതവണ കൂടി സിവിൽ സർവീസ് പരീക്ഷ എഴുതുമെന്നും ദിവ്യ പറയുന്നു. ശാസ്തമംഗലം കൊച്ചാർ റോഡ് ഉപാസനയിൽ റിട്ട.എസ്.ബി.ഐ ഉദ്യോഗസ്ഥൻ വി.ബാലചന്ദ്രന്റെയും പിരപ്പൻകോട് ജി.എൽ.പി സ്‌കൂളിലെ പ്രഥമാദ്ധ്യാപികയായ സി.ഐ സുഷകുമാരിയുടെയും മകളാണ്. സൗമ്യയാണ് സഹോദരി. സിദ്ധാർത്ഥാണ് സഹോദരീ ഭർത്താവ്.