photo

നെടുമങ്ങാട്: നഗരവും പരിസരപ്രദേശങ്ങളും നാടൻ ചാരയം തുടങ്ങി മയക്കുമരുന്നും കഞ്ചാവും പുകയില ഉത്പന്നങ്ങളും ഉൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് എക്സൈസിന്റെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കടകളും വീടുകളും കേന്ദ്രീകരിച്ചുള്ള ലഹരി കച്ചവടമാണ് നഗരത്തിൽ കൊഴുക്കുന്നത്. ആവശ്യക്കാർ വീടുകൾ തേടിപ്പിട് എത്തും. അഴിക്കോട്ട് വീടു കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വില്ക്കുന്ന സംഘത്തിലെ രണ്ടു പേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കാരമൂട് ഹൗസിൽ ഷിംല (37), ഇവയുടെ സഹായി കൊല്ലം കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ ഷംനാഥ് (35) എന്നിവരാണ് അറസ്റ്റിലായത്. ഷിംലയുടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം ഇന്നോവ കാറിൽ വെച്ച് കച്ചവടം നടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ പക്കൽ നിന്നും പണവും 200 കവർ നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.നിരവധി തവണ പൊലീസ് - എക്സൈസ് അധികൃതരുടെ പിടിയിലായിട്ടുള്ള പ്രതികൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കച്ചവടം നടത്തുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പഴകുറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജചാരായ വാറ്റ് കേന്ദ്രം നെടുമങ്ങാട് റോഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. സജിത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി 55 ലിറ്റർ ചാരായവും 1050 ലിറ്റർ പാകമായ കോടയും പിടിച്ചെടുത്തിരുന്നു. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗ്യാസ് സ്റ്റൗ, സിലണ്ടർ, പ്ലാസ്റ്റിക് ബാരലുകൾ, സമോവറുകൾ, വാറ്റിന് ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയും പിടിച്ചെടുത്തിരുന്നു. കണ്ടെടുത്ത കോട വാറ്റിയാൽ 350 ലിറ്റർ ചാരായം ഉത്പാദിപ്പിക്കാമെന്നാണ് കണക്ക്. ഇതുപോലെ സമീപ പ്രദേശങ്ങളിൽ നിരവധി വാറ്റ് കേന്ദ്രങ്ങൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.

കഞ്ചായവ് വില്പനയുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്തത് 20ഓളം കേസുകളാണ്.

കച്ചേരിനട, ചന്തമുക്ക്, കുളവിക്കോണം, അഴിക്കോട്, പഴകുറ്റി, കരിപ്പൂര് ഭാഗങ്ങളിലെ ചില കടകളിൽ ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടമാണ് നടക്കുന്നത്. ചന്തമുക്കിൽ നേരത്തെ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ നിരോധിത പാൻമസാല പായ്ക്കറ്റുകൾ പിടികൂടിയിരുന്നു. പൊതുപ്രവർത്തകരിൽ ചിലർ ഇത്തരം കേസുകളിൽ പ്രതികളുടെ രക്ഷയ്ക്കെത്തുന്നത് ദുരൂഹമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ എക്സൈസും പൊലീസും.