atl07aa

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങലിൽ മേൽപ്പാലങ്ങൾ വേണമെന്ന ആവശ്യം ശക്തമായി. ദിവസേന ആയിരക്കണക്കിനാളുകൾ മണിക്കൂറുകളോളം കാത്തുനിന്നാണ് ഇവിടെ റോഡു മുറിച്ചുകടക്കുന്നത്. വിദ്യാർത്ഥികളും പ്രായമേറിയവരുമുൾപ്പെടുന്ന കാൽനടയാത്രക്കാർക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണ്. പ്രത്യേകിച്ചും വൺവേയായ കച്ചേരി ജംഗ്ഷൻ മുതൽ കിഴക്കേനാലുമുക്കുവരെ ചീറിപ്പായുന്ന വാഹനങ്ങളെ മറികടക്കാൻ പ്രയാസപ്പെടുകയാണ് കാൽനടയാത്രക്കാർ. ജനങ്ങളുടെ ഈ അവസ്ഥ മുൻനിറുത്തി ദേശീയ പാതയുടെ തിരക്കേറിയ ഭാഗങ്ങളിൽ മേൽപ്പാലങ്ങൾ വേണമെന്ന ആവശ്യവും ശക്തമായി. വിവിധ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന ആറ്റിങ്ങലിൽ വൻകിട കച്ചവടസ്ഥാപനങ്ങൾ കൂടി എത്തിയതോടെ കാൽനടക്കാരുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. പലയിടത്തും പൊലീസിന്റെയോ ട്രാഫിക് വാർഡന്റെയോ സേവനം പോലും ലഭ്യമല്ല. വാഹനങ്ങൾക്കിടയിലൂടെ ഓടിയിറങ്ങുന്നവർ പലപ്പോഴും അപകടത്തിൽപ്പെടുന്നതും പതിവാണ്. ആറ്റിങ്ങലിൽ റോഡ് വികസനം ഉടൻ സാദ്ധ്യമാകുമെന്നാണ് നഗരസഭയുടെ അവകാശ വാദം. എന്നാൽ കാൽനടയാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ മേൽപ്പാലം അത്യാവശ്യമാണെന്നു തന്നെയാണ് പൊലീസിന്റെയും അഭിപ്രായം. നഗരം വികസിക്കുന്നതിനനുസരിച്ച് യാത്രാസൗകര്യം വികസിക്കാത്തതാണ് ആറ്റിങ്ങലിന്റെ ദുരിതമെന്നും നാട്ടുകാർ പറയുന്നു.