തിരുവനന്തപുരം: അഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ച് ചരിത്രപരമായിരുന്നു. ഇടതുപക്ഷത്തെയും കോൺഗ്രസിലെയും എണ്ണം പറഞ്ഞ പല നേതാക്കളും അന്ന് ലോക്‌സഭയിലേക്ക് ജയിച്ചുകയറി. എ.കെ.ജി, വി.കെ. കൃഷ്ണമേനോൻ,എൻ. ശ്രീകണ്ഠൻ നായർ, കെ. ബാലകൃഷ്ണൻ, വയലാർരവി, സി.കെ. ചന്ദ്രപ്പൻ, ആർ. ബാലകൃഷ്ണപിള്ള തുടങ്ങിയ പ്രമുഖർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ പട്ടികയിൽ സ്ഥാനമുറപ്പിച്ച വലിയൊരു നേതാവ് പക്ഷേ പോരാട്ടത്തിൽ കാലിടറി. സാക്ഷാൽ ഇ.കെ. നായനാർ. അദ്ദേഹത്തെ തോല്പിച്ചതാവട്ടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച രാമചന്ദ്രൻ കടന്നപ്പള്ളി എന്ന യുവതുർക്കിയും. കാസർകോട്ട് 28,000ത്തിലധികം വോട്ടിനായിരുന്നു കടന്നപ്പള്ളിയുടെ വിജയം. ഫലം വന്നപ്പോൾ കേരളവും സി.പി.എമ്മും ഞെട്ടി, കടന്നപ്പള്ളിയുടെ കാര്യം പറയുകയും വേണ്ട.
കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധന കാലത്തെ ജയിൽവാസവും ഒളിവു ജീവിതവുമടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച നേതാവാണ് നായനാർ. ദീർഘകാലം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു.1964-ൽ സി.പി.എമ്മിന് രൂപം കൊടുക്കാൻ മുന്നിട്ടുനിന്ന നേതാക്കളിലൊരാൾ. ജനലക്ഷങ്ങളുടെ ആരാധനാപാത്രം. 1967ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ജയിച്ച് പാർലമെന്റിലെത്തിയത് നായനാരാണ്. എന്നാൽ 71ൽ എ.കെ.ജിയെ പാലക്കാട്ട് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതോടെയാണ് നായനാർ കാസർകോട്ടെത്തിയത്.
കേരളത്തിൽ വിദ്യാർത്ഥി-യുവജന പ്രസ്ഥാനം കരുത്താർജ്ജിച്ചുവരുന്ന കാലം. കാസർകോട്ട് ഇ.കെ. നായനാർക്കെതിരെ ആരെ കളത്തിലിറക്കുമെന്ന് കോൺഗ്രസ് നേതൃത്വം തലപുകച്ചു. പലപേരുകളും ഉയർന്നെങ്കിലും വെല്ലുവിളി ഉയർത്തുന്നതായില്ല. കെ.എസ്.യു സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം ലാ അക്കാഡമി വിദ്യാർത്ഥിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി എന്ന നീണ്ടുമെലിഞ്ഞ പയ്യന്റെ പേരും ഒടുവിലെത്തി. യുവാവായ തീപ്പൊരി നേതാവിൽ ഏവർക്കും വിശ്വാസം. അങ്ങനെ കടന്നപ്പള്ളിയുടെ പേര് ഡൽഹിക്ക് വിട്ടു. സ്ഥാനാർത്ഥിത്വം ഇന്ദിരാഗാന്ധി അംഗീകരിച്ചപ്പോൾ കെ.എസ്.യു സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കടന്നപ്പള്ളി തൃശൂരിലായിരുന്നു. തൊട്ടടുത്ത ദിവസം കണ്ണൂരിലെത്തി (കാസർകോട് മണ്ഡലത്തിന്റെ വരണാധികാരി അന്ന് കണ്ണൂർ കളക്ടറാണ്) നാമനിർദ്ദേശ പത്രിക നൽകി. അതോടെ യുവജന വിഭാഗവും വിദ്യാർത്ഥി വിഭാഗവും സടകുടഞ്ഞെണീറ്റു. അന്ന് അവർ ഉയർത്തിയ മുദ്രാവാക്യമാണ് 'എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കടന്നപ്പള്ളി സിന്ദാബാദ്" എന്നത്.
ആ മത്സരത്തെ ഇന്നും രോമാഞ്ചത്തോടെയാണ് കടന്നപ്പള്ളി ഓർക്കുന്നത്. 'സാധാരണ കുടുംബത്തിൽ നിന്നുള്ള എന്നെപ്പോലൊരാൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് നായനാരെപ്പോലെ വലിയൊരു നേതാവിനെതിരെ മത്സരിക്കുകയെന്നത്. നേരിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവവും വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ പ്രവർത്തനവും ചേർന്നപ്പോൾ അദ്ഭുതം സംഭവിച്ചു". കടന്നപ്പള്ളി ഓർത്തെടുത്തു. കേരളം ഉറ്റുനോക്കിയ മത്സരത്തിൽ 52 കാരനായ ഇ.കെ.നായനാരെ 26 കാരൻ പയ്യൻ തറപറ്റിച്ചപ്പോൾ അത് ചരിത്രവുമായി.