തിരുവനന്തപുരം : ആദ്യതവണ പരീക്ഷ പാസായില്ല, രണ്ടാം വട്ടം പരീക്ഷ പാസായപ്പോൾ ഇന്റർവ്യുവിൽ പരാജയപ്പെട്ടു. തോറ്റ് പിന്മാറാൻ തയ്യാറാകാതെ ചിട്ടയായ പഠനത്തിലൂടെ മുന്നേറിയപ്പോൾ മൂന്നാംവട്ടം സിവിൽ സർവീസ് പരീക്ഷയിൽ 508-ാം റാങ്ക് ദീപക്കിന് സ്വന്തം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോക്ക് സമീപം വിപഞ്ചികയിൽ സി.കെ. വിശ്വന്റെയും വി.എസ്. ലാലിയുടെയും ഇളയ മകനായ ദീപക് ബി.ടെക് ബിരുദധാരിയാണ്. സോഷ്യോളജിയായിരുന്നു ഐശ്ചിക വിഷയം. ഇന്ത്യൻ ഫോറിൻ സർവീസാണ് ഈ 26കാരന്റെ ലക്ഷ്യം.
2015ൽ പഠനം പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് മോഹവുമായി പരീശീലനം ആരംഭിച്ചു. ആദ്യം എ.എൽ.എസ് അക്കാഡമിയിലും പിന്നീട് പട്ടം ശങ്കറിലും പരിശീലനത്തിന് ചേർന്നു. ചിട്ടയായ പഠനത്തിലൂടെയാണ് സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടം കണ്ടെത്താനായതെന്ന് ദീപക് പറഞ്ഞു. ആഗസ്റ്റിൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. പത്താം ക്ലാസുവരെ വിഴിഞ്ഞം എസ്.എഫ്.എസ് സ്കൂളിലും, ഹയർസെക്കൻഡറി പഠനം തിരുവല്ലം ക്രൈസ്റ്റ് നഗറിലുമായിരുന്നു. പാപ്പനംകോട് ശ്രീചിത്തിരതിരുനാൾ എൻജിനിയറിംഗ് കോളേജിലായിരുന്നു ബി.ടെക് പഠിച്ചത്. ഫിസിക്സും കണക്കുമായിരുന്നു പഠന കാലത്ത് ഇഷ്ടവിഷയങ്ങൾ. അച്ഛൻ വിശ്വൻ വിമുക്തഭടനാണ്. സഹോദരി ദിവ്യ സി.വിശ്വൻ വെജിറ്റബിൾ ആൻഡ് ഫുഡ്പ്രൊമോഷൻ കൗൺസിലിൽ അസിസ്റ്റന്റ് മാനേജരാണ്.