pinarayi

ലണ്ടൻ സ്റ്റോക് എക്‌സ്ചേഞ്ച് ഒരു മുഖ്യമന്ത്രിയെ ക്ഷണിക്കുന്നത് ആദ്യം

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസന സ്ഥാപനമായ കിഫ്ബിയുടെ ചരിത്രനേട്ടമായ മസാല ബോണ്ടിന്റെ ലണ്ടൻ സ്റ്റോക് എക്‌സ്ചേഞ്ചിലെ വിൽപന മണിമുഴക്കി ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചു. മേയ് 17നാണ് ചടങ്ങ്.

ലണ്ടൻ സ്റ്റോക് എക്‌സ്ചേഞ്ച് ഒരു മുഖ്യമന്ത്രിയെ ക്ഷണിക്കുന്നത് ആദ്യമാണ്.14ന് ജനീവയിലേക്ക് പോകുന്ന മുഖ്യമന്ത്രി മടക്കയാത്രയിൽ ഈ ചടങ്ങിൽ പങ്കെടുക്കും.

മസാലബോണ്ടിനെ ലാവ്‌ലിൻ കമ്പനിയുമായി കൂട്ടിച്ചേർത്ത് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കും സർക്കാരിനും

അഭിമാനകരമായ ഈ ക്ഷണം.

2150 കോടിയുടെ മസാലബോണ്ട് വാങ്ങിയത് ലാവ്‌ലിൻ കമ്പനിയുടെ 20ശതമാനം ഓഹരികൾ വഹിക്കുന്ന സി.ഡി.പി.ക്യു എന്ന കനേഡിയൻ കമ്പനിയാണെന്ന വിവരമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂഷൻ വിൽപനയിലാണ് സി.ഡി.പി.ക്യു ബോണ്ടുകൾ വാങ്ങിയത്.

ലണ്ടൻ സ്റ്റോക് എക്ചേഞ്ചിൽ ലിസ്റ്റ് ചെയ്‌ത മസാലബോണ്ടുകൾ

പൊതുവിപണിയിൽ വിൽക്കുന്ന ചടങ്ങ് മണി മുഴക്കി തുടക്കമിടാനാണ് മുഖ്യമന്ത്രിക്ക് ക്ഷണം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പ്രധാനപ്പെട്ട പുതിയ ബോണ്ടുകളും ഓഹരികളും അവതരിപ്പിക്കുമ്പോൾ മണിമുഴക്കിയാണ് തുടക്കം കുറിക്കുന്നത്. നേരത്തെ കേന്ദ്രസർക്കാരിന്റെ ബോണ്ട് വിൽപനയുടെ തുടക്കം ധനമന്ത്രി അരുൺ ജെയ്‍റ്റ്‍ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് നടത്തിയിരുന്നു.

മുഖ്യമന്ത്രി ജനീവയിലേക്ക്

പ്രളയ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് മേയ് 14,15തീയതികളിൽ ഐക്യരാഷ്ട്രസഭയുടെ ജനീവയിലെ സ്ഥാപനങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കുന്നുണ്ട്. ജനീവ പരിപാടിയിൽ ലണ്ടനിലെ ചടങ്ങ്കൂടി ഉൾപ്പെടുത്താനുള്ള അനുമതിക്കായി കേന്ദ്രപേഴ്സണൽ മന്ത്രാലയത്തിന് അപേക്ഷ നൽകും.

മൂർച്ച കൂട്ടി ചെന്നിത്തല

മസാല ബോണ്ടിൽ ലാവ്‌ലിന് പങ്കാളിത്തമുള്ള കമ്പനി നിക്ഷേപം നടത്തിയതിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. 2,150 കോടി രൂപ മസാല ബോണ്ടിലൂടെ സമാഹരിച്ചത് ലോകാത്ഭുതമായി പ്രചരിപ്പിച്ചവർ ബോണ്ട് വാങ്ങിയത് ആരെന്നത് രഹസ്യമാക്കിയത് എന്തിനാണ്? എവിടെ വച്ചാണ് ഇടപാട് നടന്നത്? ആരാണ് പങ്കെടുത്തത്? ഇടനിലക്കാർ ആരെല്ലാം ? ബോണ്ട് ആർക്കും വാങ്ങാമെന്നിരിക്കെ എന്തുകൊണ്ട് കാനഡക്കാർ മാത്രം വന്നു? ഇടപാടിന്റെ രേഖകൾ പുറത്തുവിട്ട് സുതാര്യമാക്കണം.

''സി.ഡി.പി.ക്യു.കനേഡിയൻ സർക്കാർ സ്ഥാപനമാണ്. ലാവ്‌ലിനിൽ മാത്രമല്ല ലോകമൊട്ടാകെ നിരവധി സ്ഥാപനങ്ങളിൽ അവർക്ക് നിക്ഷേപമുണ്ട്

തിരഞ്ഞെടുപ്പിൽ ലാവ്‌ലിൻ പൊക്കികൊണ്ടുവരുന്ന പ്രതിപക്ഷത്തിന്റെ സ്ഥിരം രാഷ്ട്രീയ അടവാണിത്.''

-- തോമസ് ഐസക്ക്

ധനമന്ത്രി

''മസാലബോണ്ട് വാങ്ങിയ സി.ഡി.പി.ക്യു.വിന് ലാവ്‌ലിനുമായി ബന്ധമുണ്ടെങ്കിൽ തന്നെ അതിലെന്താണ് തെറ്റ് ? രാജ്യ, രാജ്യാന്തര കീഴ്‌വഴക്കങ്ങൾ എല്ലാം പാലിച്ച് സുതാര്യമായാണ് ഇടപാട് നടത്തിയത്.''

-കോടിയേരി ബാലകൃഷ്ണൻ

സി.പി.എം. സംസ്ഥാന സെക്രട്ടറി