chitra

തിരുവനന്തപുരം : മൂന്നു തവണ പരീക്ഷയെഴുതി, രണ്ട് വട്ടവും റാങ്ക് ലിസ്റ്റിൽ ഇടം നേടി. ആദ്യം ലഭിച്ചത് റവന്യു സർവീസെങ്കിൽ ഇനി ലക്ഷ്യം ഐ.എ.എസ്. വഞ്ചിയൂർ ഗുരുകൃപയിൽ അഭിഭാഷകനായ കെ.കെ. വിജയന്റെയും സുജശ്രീ വിജയന്റെയും മൂത്ത മകളായ ചിത്ര വിജയനാണ് തലസ്ഥാനത്തിന്റെ അഭിമാനമായി ഇക്കുറി സിവിൽ സർവീസിൽ 399-ാം റാങ്ക് നേടിയത്. കഴിഞ്ഞവർഷം 681-ാം റാങ്ക് നേടിയ ചിത്രയ്ക്ക് ഐ.ആർ.എസാണ് ലഭിച്ചത്. നാഗ്പൂരിലെ ഡയറക്ട് ടാക്സ് ആസ്ഥാനത്ത് പരിശീലനത്തിനിടെയാണ് ഫലം അറിയുന്നത്. റാങ്കിൽ ഏറെ മുന്നിലെത്താൻ കഴിഞ്ഞതിനാൽ ഐ.എ.എസ് അല്ലെങ്കിൽ ഐ.എഫ്.എസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്ര. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചാലുടൻ പരിശീലനം അവസാനിപ്പിച്ച് പുതിയ ബാച്ചിൽ ചേരാനാണ് തീരുമാനം. ശ്രീകാര്യം ഗവ.എൻജിനിയറിംഗ് കോളേജിൽ നിന്ന് 2010ൽ ബിടെക് പൂർത്തിയാക്കിയ ചിത്ര എം.ബി.എ നേടി. തുടർന്നാണ് സിവിൽ സർവീസ് മോഹം തോന്നിയത്. ഹിസ്റ്ററിയായിരുന്നു ഐശ്ചിക വിഷയം. ആദ്യതവണ പരാജയപ്പെട്ടെങ്കിലും പീന്നിടിങ്ങോട്ട് ഭാഗ്യം തുണച്ചു. മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ അർജുൻ മധുസൂദനന്റെ ഭാര്യയാണ്. മകൻ അനന്തപത്മനാഭൻ. ഗവേഷക വിദ്യാർത്ഥിയായ വിനായക് സഹോദരനാണ്.