ഒരു അരങ്ങേറ്റക്കാരന് ഐ.പി.എല്ലിൽ ഇതിനേക്കാൾ മികച്ച തുടക്കം എങ്ങനെയാണ് ആഗ്രഹിക്കാൻ കഴിയുക എന്ന് അൽസാരി ജോസഫ് ചോദിച്ചുപോയതിൽ അതിശയമില്ല. മുംബയ് ഇന്ത്യൻസിന്റെ നീലക്കുപ്പായത്തിൽ കഴിഞ്ഞരാത്രി ഐ.പി.എൽ അരങ്ങേറ്റം നടത്തിയ ഈ കരീബിയൻ യുവപേസറുടെ ആറാട്ടമാണ് ഇപ്പോൾ സംസാരവിഷയം.
ആദ്യം ബാറ്റ് ചെയ്ത് 136/7 എന്ന സ്കോറിലൊതുങ്ങിപ്പോയ മുംബയ് ഇന്ത്യൻസ് വാർണറും ബെയർസ്റ്റോയുമൊക്കെയുള്ള ഹൈദരാബാദ് സൺറൈസേഴ്സിൽ നിന്നൊരു തോൽവിയാണ് പ്രതീക്ഷിച്ചത്. പക്ഷേ അവിടെ അത്‌ഭുതം കാട്ടാനായി അൽസാരി അവതരിച്ചു. 3.4 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ്. അതിൽ വാർണറും (15), വിജയ് ശങ്കറും (5) ദീപക് ഹൂഡയും (20), വാലറ്റക്കാരായ റാഷിദ്ഖാനും (0, ഭുവനേശ്വർ കുമാറും (2), സിദ്ധാർത്ഥ് കൗളും (0) ഉൾപ്പെടുന്നു. നിസാരമെന്ന് കരുതിയ ലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് 17.4 ഓവറിൽ 96 റൺസിൽ ആൾ ഔട്ടാകുന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീമിന്റെ ഏറ്റവും മോശം പ്രകടനം രണ്ട് വിക്കറ്റ് നേടിയ ദീപക് ചഹലും ഓരോ വിക്കറ്റ് വീഴ്ത്തിയ ബുംറയും ബ്രെൻഡോർഫും അൽസാരിക്ക് നൽകിയ പിന്തുണയും മുംബയ് വിജയത്തിൽ നിർണായകമായി.
6/12 ഐ.പി.എല്ലിന്റെ ചരിത്രത്തിലെ
ഏറ്റവും മികച്ച ബൗളിംഗ് മാർജിൻ
6/14 2008 ലെ ആദ്യ ഐ.പി.എല്ലിൽ സൊഹൈൽ തൻവീർ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 14 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയിരുന്ന റെക്കാഡാണ് അൽസാരി മറികടന്നത്.
5/17, ഐ.പി.എല്ലിൽ ഇതുവരെയുണ്ടായിരുന്ന ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം 2017 ൽ പൂനെയ്ക്കെതിരെ ഗുജറാത്ത് ലയൺസിന് വേണ്ടി ആസ്ട്രേലിയൻ പേസർ ആൻഡ്രൂ നേടിയിരുന്നത്. അൽസാരിക്ക് മുന്നിൽ ഇതും പഴങ്കഥയായി.
ഐ.പി.എല്ലിൽ എന്റെ ആദ്യ മത്സരമായിരുന്നു ഇത്. ടീമിനെ വിജയിപ്പിക്കാൻ എന്റെ പങ്കുമുണ്ടാകണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചില്ല.
അൽസാരി ജോസഫ്
അൽസാരി ജോസഫ്
22 കാരനായ അൽസാരി ജോസഫ് വലംകയ്യൻ പേസറാണ്. 1996 നവംബർ 20ന് ആന്റിഗ്വയിൽ ജനനം. വിൻഡീസിന് വേണ്ടി ഒൻപത് ടെസ്റ്റുകളിൽ നിന്ന് 25 വിക്കറ്റുകൾ, 16 ഏകദിനങ്ങളിൽനിന്ന് 24 വിക്കറ്റുകൾ. അന്താരാഷ്ട്ര ട്വന്റി 20യിൽ അരങ്ങേറിയിട്ടില്ല. കരീബിയൻ പ്രിമിയർലീഗിലെ മികച്ച പ്രകടനം ശ്രദ്ധേയനാക്കി.
പരിക്കേറ്റ കിവീസ് പേസർ ആദംമിൽ നെയ്‌ക്ക് പകരക്കാരനായാണ് അൽസാരിയെ മുംബയ് ഇന്ത്യൻസ് ടീമിലെടുത്തത്.