പോത്തൻകോട് : ടെക്നോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനിയർ ഇനി സിവിൽ സർവീസിൽ. മംഗലപുരം തോന്നയ്ക്കൽ പാറയിൽ അനിൽകുമാറിന്റെയും ബീനാകുമാരിയുടെയും മകൾ ശില്പയാണ് സിവിൽ സർവീസിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. 298-ാമത് റാങ്കാണ് ശില്പയ്ക്ക്. മുരുക്കുംപുഴ ഇൻഫന്റ് ജീസസ് സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു രാജധാനി എൻജിനിയറിംഗ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ഡിഗ്രി നേടിയ ശേഷം കാമ്പസ് സെലക്ഷനിലൂടെയാണ് ടെക്നോപാർക്കിലെ ഐ.ബി.എം കമ്പനിയിൽ ജോലി ലഭിക്കുന്നത്. അമൃത സിവിൽ സർവീസ് അക്കാഡമിയിലെ പരിശീലനത്തിലൂടെ മൂന്നാം തവണയാണ് വിജയിക്കാനായത്. പിതാവ് അനിൽകുമാർ വിദേശത്താണ്. സഹോദരൻ ശരത്ത് എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഐ.പി.എസ് സർവീസ് ഇഷ്ടപ്പെടുന്ന ശില്പ പറയുന്നത് ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാൻ കഴിയുന്നത് കളക്ടർ പോസ്റ്റുകളിൽ എത്തുന്നവർക്ക് മാത്രമാണ്. എന്നാൽ ഐ.പി.എസിൽ ആദ്യാവസാനം ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് സേവനം നടത്താൻ കഴിയും എന്നതുകൊണ്ടാണ് ഐ.പി.എസിനോട് ഏറെ താത്പര്യം.