2-0
ബാഴ്സലോണ : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രിനടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ ബാഴ്സലോണ കിരീടത്തിലേക്ക് കൂടുതൽ അടുത്തു.
ബാഴ്സലോണയുടെ തട്ടകമായ കാംപ്‌നൗവിൽ നടന്ന മത്സരത്തിന്റെ അവസാന വേളയിൽ ലൂയിസ് സുവാരേസും ലയണൽ മെസിയും നേടിയ ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം.
ഒറ്റമിനിട്ടിന്റെ ഇടവേളയിലായിരുന്നു സുവാരേസും മെസിയും സ്കോർ ചെയ്തത്. 85-ാം മിനിട്ടിൽ ജോർഡി ആൽബയുടെ പാസ് ബോക്സിന് പുറത്തുവച്ച് സ്വീകരിച്ച സുവാരേസ് പ്രതിരോധത്തെ സമർത്ഥമായി കബളിപ്പിച്ച് ടീമിന്റെ ആദ്യഗോൾ സ്കോർ ചെയ്യുകയായിരുന്നു. ഗോളടിച്ചതിന്റെ സന്തോഷത്തിൽ ജഴ്സി യൂരിയ സുവാരേസിന് മഞ്ഞക്കാർഡ് കിട്ടിയെങ്കിലും മെസിയുടെ ഗോളിന്റെ ആഘോഷത്തിനിടയിൽ അതലിഞ്ഞുപോവുകയായിരുന്നു. പന്തുമായി മുന്നേറിയ മെസിയെ തടുക്കാനുള്ള പ്രതിരോധ ഭടൻ ജിമിനിസിന്റെ ശ്രമം വിഫലമായപ്പോൾ അത്‌ലറ്റിക്കോയ്ക്ക് അടുത്ത അടിയേൽക്കുകയായിരുന്നു.
മത്സരത്തിന്റെ 28-ാം മിനിട്ടിൽത്തന്നെ ഡീഗോ കോസ്റ്റയെ സ്ട്രെയ്റ്റ റെഡ് കാർഡിലൂടെ നഷ്ടമായിരുന്ന അത്‌ലറ്റിക്കോ അവസാന സമയംവരെ പൊരുതി നിന്ന ശേഷമാണ് കീഴടങ്ങിയത്. കോസ്റ്റയെ പുറത്താക്കിയ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച അത്‌ലറ്റികോ താരങ്ങളായ ജിമിനെസും ഡീഗൗ ഗോഡിനും മഞ്ഞക്കർഡ് കണ്ടിരുന്നു.
ഈ വിജയത്തോടെ ബാഴ്സയ്ക്ക് ലാലിഗയിൽ 31 മത്സരങ്ങളിൽനിന്ന് 73 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് 62 പോയിന്റും.
റയലിന് ബെൻസേമ രക്ഷകൻ
റയൽ മാഡ്രിഡ് 2-ഐബർ 1
മാഡ്രിഡ് : ഇരട്ട ഗോളുകളുമായി മിന്നിത്തിളങ്ങിയ കരിംബെൻസേമ ഐബറിനെതിരയ സ്പാനിഷ് ലാലിഗ മത്സരത്തിൽ റയൽമാഡ്രിഡിന് വിജയം നേടിക്കൊടുത്തു. ആദ്യപകുതിയിൽ ഒരു ഗോൾ വഴങ്ങിയിരുന്ന റയലിനായി രണ്ടാംപകുതിയിലാണ് ബെൻസേമ സ്കോർ ചെയ്തത്. പരിശീലകനായി സിനദിൽ സിദാന്റെ 100-ാമത്തെ ലാലിഗ മത്സരമാണ് ഇരട്ടഗോളോടെ ബെൻസേമ വിജയത്തിലെത്തിച്ചത്.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ 39-ാം മിനിട്ടിൽ മാർക്ക് കാർഡോണയിലൂടെ ഐബറാണ് ആദ്യഗോൾ നേടിയത്. ഈ ഗോളിന് സന്ദർശകർ ആദ്യപകുതിയിൽ ലീഡ് ചെയ്തു. 59-ം മിനിട്ടിൽ മാർക്കോ അസൻഷ്യോയുടെ പാസിൽ നിന്ന് ബെൻസേമ മത്സരം സമനിലയിലാക്കി. 81-ാം മിനിട്ടിൽ ടോണി ക്രൂസിന്റെ പാസിൽ നിന്നായിരുന്നു വിജയഗോൾ പിറന്നത്.
ഈ വിജയത്തിലുംറയൽ ലാലിഗ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്ത് തുടരുകയാണ്. എന്നാൽ രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം രണ്ടുപോയിന്റായി കുറഞ്ഞിട്ടുണ്ട്. 31 മത്സരങ്ങളിൽനിന്ന് 60 പോയിന്റാണ് റയലിനുള്ളത്.